കേരളം ഇന്ത്യക്ക് പുറത്തോ? അവഗണന തുടർന്ന് ബജറ്റ് 2024

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് വീണ്ടും കേരളത്തെ അവജ്ഞയോടെ തന്നെ അവഗണിച്ചു. സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ബിഹാറിനും ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രയ്ക്കും വലിയ പ്രതീക്ഷകളും പരിഗണനയുമാണ് ബജറ്റ് നൽകിയത്. തീർത്തും രാഷ്ട്രീയ ഉന്നമനത്തിനായി കേന്ദ്രം നടത്തുന്ന ഒരു നീക്കം മാത്രമായേ ഇത്തവണത്തെ ബജറ്റിനെയും കാണാനാകൂ. തുടർച്ചയായി ഇത് ഏഴാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആറ് തവണയും കേന്ദ്രം കാണിച്ചുവന്ന അവഗണന തന്നെയാണ് കേരളത്തോട് ഇപ്പോഴും തുടരുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളെ കുറിച്ച് പ്രതിബാധിക്കുക പോലും ചെയ്യാതെയാണ് ബിഹാറിലെയും ഒഡിഷയിലെയും ക്ഷേത്രങ്ങൾ മോടി കൂട്ടാനുള്ള പദ്ധതി പോലും ബജറ്റിൽ ഉൾപ്പെടുത്തിയത്.

Also Read: നിപ പ്രതിരോധം: 19 സാംപിൾ ഇന്ന് പരിശോധിക്കും, 5 എണ്ണം ഹൈ റിസ്ക് കോൺടാക്ട് പട്ടികയിലുള്ളത്

വി‍ഴിഞ്ഞത്തിനായി 5000 കോടി, എയിംസ് പ്രഖ്യാപനം, കെ റെയില്‍ പദ്ധതിക്ക് അനുമതി, 24 000 കോടിയുടെ പ്രത്യേക പാക്കേജ്, റബ്ബറിന്‍റെ താങ്ങുവില, കോ‍ഴിക്കോട് വയനാട് തുരങ്കപാത എന്നിങ്ങനെയുള്ള പ്രതീക്ഷകളുമായാണ് കേരളം ഈ ബജറ്റിനെ സമീപിച്ചത്. എന്നാൽ ഇതിൽ ഒരെണ്ണം പോലും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, കോർപ്പറേറ്റ് നികുതിയിൽ വലിയ ഇളവാണ്‌ കേന്ദ്രം ഇത്തവണത്തെ ബജറ്റിൽ വരുത്തിയിരിക്കുന്നത്. ബിജെപിയിൽ നിന്ന് കേരളത്തിനുണ്ടായ രണ്ട് മന്ത്രിമാരും, അവരുടെ “ചൊല്പടി” ഇടപെടലുകളും ഒന്നും കേരളത്തെ സഹായിക്കാതിരുന്ന സാഹചര്യത്തിലാണ് കോർപറേറ്റുകൾക്ക് താങ്ങും തണലുമായി കേന്ദ്രം മാറിയത്. വിദേശ കോർപറേറ്റുകളെ വരെ സഹായിക്കുന്ന ഈ നടപടിയിൽ കേന്ദ്രത്തിനുള്ള താല്പര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി പരിശോധിക്കേണ്ടതുണ്ട്.

കൂടാതെ, തൊഴിൽ, വിദ്യാഭ്യാസം, കാർഷികമേഖല, സ്ത്രീ ഉന്നമനം എന്നിവരിൽ ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ബജറ്റിലില്ല. അവിടെയും ഇവിടെയും തൊടാതെ ഇവയെല്ലാം പരിഗണിക്കും എന്ന് മാത്രം. പണപ്പെരുപ്പം നിയന്ത്രിക്കാനായി എന്ന അവകാശവാദവുമായി ആ വിഷയവും ചർച്ചയില്ലാതെ വിട്ടു. രാജ്യം നേരിടുന്നു കർഷ പ്രശ്നങ്ങൾ, നാണയ പെരുപ്പം, വിലക്കയറ്റം എന്നിവ ചിത്രത്തിൽ പോലുമില്ല. ഇന്ത്യയുടെ സാമ്പത്തികനിലയിൽ വളരെയധികം സംഭാവന ചെയ്യുന്ന പ്രവാസികളെയും പൂർണമായി അവഗണിക്കുകയാണ് ചെയ്തത്. ചുരുക്കത്തിൽ രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും കോർപറേറ്റുകൾക്കും ബിഹാറിനും ആന്ധ്രയ്ക്കും സന്തോഷമാകാനും വേണ്ടി ഒരു ബജറ്റ് എന്ന് പറയാം.

Also Read: റെയിൽവേ ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടുന്നു; പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാറ്ററിംഗ് സ്റ്റാളിലെ ജീവനക്കാർ പ്രതിഷേധത്തിൽ

ഇതുവരെയുള്ള കേന്ദ്രനയങ്ങളുടെ തിരിച്ചടി ഇപ്പോൾ സർക്കാർ നല്ലരീതിയിൽ അനുഭവിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ അത് തെളിഞ്ഞ് കണ്ടതാണ്. ഏകാധിപത്യ സ്വഭാവത്തോടെയുള്ള ബില്ലുകളും സ്വന്തം ഇഷ്ടപ്രകാരം അത് പാസ്സാക്കുന്ന രീതിയും ഇനി നടപ്പില്ല എന്ന ബോധ്യം കേന്ദ്രത്തിനുണ്ട്. സഖ്യകക്ഷികൾ തൃപ്തിപ്പെടുത്താതെ സർക്കാർ തന്നെ നിലനിൽക്കുമോ എന്നും സംശയത്തിലാണവർ. അതുകൊണ്ട് തന്നെ ബിഹാറിനെയും ആന്ധ്രയെയും താരാട്ട് പാടിയേ മതിയാകു. നിലനിൽപ്പിന് വേണ്ടി ഒരിക്കൽ കൂടി കേന്ദ്രം രാജ്യത്തെ ജനങ്ങളെ പണയം വയ്ക്കുകയാണെന്നാണ് കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News