കേന്ദ്ര ബജറ്റ് തികച്ചും നിരാശാജനകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിന് അനുവദിച്ച തുകയില്‍ വലിയ വെട്ടിക്കുറവ് വരുത്തിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടുകൂടി വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു എന്ന അവസ്ഥയിലേക്ക് ബിജെപി മാറി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.
പദ്ധതികളൊന്നിലും കേരളത്തിന് പരിഗണന ലഭിച്ചില്ല. കേരളത്തിന്റെ അവകാശങ്ങള്‍ പരിഗണിക്കാത്ത ബജറ്റായിരുന്നു നിര്‍മ്മല സീതാരാമന്റേത്. റബര്‍ കര്‍ഷകരെ ആകെ തഴഞ്ഞു. പ്രവാസികളെയും ബജറ്റ് പരിഗണിച്ചില്ല. റെയില്‍ പദ്ധതി കേരളം ഉപേക്ഷിച്ചിരിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കേന്ദ്ര മന്ത്രിമാര്‍ ഇങ്ങനെ കളവ് പറഞ്ഞാല്‍ എന്താണ് ചെയ്യുകയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു. ഏത് നിമിഷവും പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാണ് ഇടതുസര്‍ക്കാര്‍. പദ്ധതി ഉപേക്ഷിച്ചിരിക്കുന്നു എന്ന് പറയുന്നത് ശുദ്ധ കളവാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സോലോജിക്ക് കേസിന് പിന്നില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ദുര്‍ബലപ്പെടുത്താനുള്ള സംഘപരിവാര്‍ അജണ്ടയാണ്. പരാതിക്കാരന് ബിജെപി അംഗത്വം നല്‍കിക്കഴിഞ്ഞു. നിയമസഭയില്‍ ബിജെപിയുടെ ജോലിയാണ് പ്രതിപക്ഷം ചെയ്യുന്നത്. ബിജെപിയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഒരു എംഎല്‍എയാണ് നിയമസഭയ്ക്ക് അകത്ത് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ നിരാകരിക്കുന്ന കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നാണ്. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് പോലും ബിജെപിക്ക് എതിരെ നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here