കേരളത്തിന് കേന്ദ്ര സഹായത്തിന്റെ കുടിശ്ശിക ഇല്ലായെന്ന കേന്ദ്രധനമന്ത്രിയുടെ വാദം കള്ളം: തോമസ് ഐസക്

കേരളത്തിന് കേന്ദ്ര സഹായത്തിന്റെ കുടിശ്ശിക ഇല്ലായെന്ന കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാദം കള്ളമാണെന്ന് മുന്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. അര്‍ഹതപ്പെട്ട കേന്ദ്ര സഹായം പോലും സംസ്ഥാനത്തിന് കൃത്യമായി നല്‍കുന്നില്ലെന്നും തോമസ് ഐസക് വിമര്‍ശിച്ചു. കൃത്യമായ കണക്ക് നിരത്തിയാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. എന്തെങ്കിലും നൊടുക്കു ന്യായം പറഞ്ഞ് കേരളത്തിന് ലഭിക്കാനുള്ള തുക കേന്ദ്രം പിടിച്ചുവയ്ക്കുകയെന്നതു പതിവാക്കിയിരിക്കുകയാണെന്നും തോമസ് ഐസക് ഫേസബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

കേന്ദ്രത്തില്‍ നിന്നും കേരളത്തിനു കിട്ടാനുള്ള കുടിശിക എത്ര? നിര്‍മ്മല സീതാരാമന്‍ പറയുന്നു കുടിശികയൊക്കെ തീര്‍ന്നൂവെന്ന്. ഇനി കിട്ടാനുള്ളത് കേരളം മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതുകൊണ്ട് മാത്രമാണെന്നാണ്. തീര്‍ത്ത കുടിശിക ഏതാണെന്നോ?
വയോജന പെന്‍ഷന്‍ 200-300 രൂപ വീതം 5.88 ലക്ഷം പേര്‍ക്കു നല്‍കുന്നുണ്ട്. ഇവര്‍ക്കു കേരളം നല്‍കുന്നത് പ്രതിമാസം 1600 രൂപ വീതമാണ്. ഇവര്‍ക്കു പുറമേ മറ്റൊരു 55-60 ലക്ഷം ഗുണഭോക്താക്കള്‍ക്കും കേരളം പെന്‍ഷന്‍ നല്‍കുന്നുണ്ട്. കേന്ദ്ര സഹായം രണ്ടുവര്‍ഷമായി കുടിശികയിലായിരുന്നു. 700 കോടി രൂപയായിരുന്നു കുടിശിക. അതില്‍ 500 കോടി രൂപ ഒരാഴ്ച മുമ്പ് അനുവദിച്ചു. ഇതാണ് വലിയ കേമത്തമായി കേന്ദ്ര ധനമന്ത്രി തിരുവനന്തപുരത്തു വീമ്പിളക്കിയത്. ഇതു കിഴിച്ചാലും 5000-ത്തില്‍പ്പരം കോടി രൂപ ഇനിയും കേരളത്തിനു കിട്ടാനുണ്ട്. അവയുടെ കണക്ക് ഇങ്ങനെ:
-യുജിസി ശമ്പള പരിഷ്‌കരണ കുടിശിക 750 കോടി രൂപ
-നഗരവികസന ഗ്രാന്റ് 700 കോടി രൂപ
-ഗ്രാമവികസന ഗ്രാന്റ് 760 കോടി രൂപ
-ഭക്ഷ്യസുരക്ഷാ പദ്ധതി 790 കോടി രൂപ
-ദുരിതാശ്വാസ സഹായം 138 കോടി രൂപ
-സ്റ്റേറ്റ് ഡിസാസ്റ്റര്‍ ഫണ്ട് 69 കോടി രൂപ
-ക്യാപിറ്റന്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് 1925 കോടി രൂപ
-അങ്ങനെ മൊത്തം 5132 കോടി രൂപ

READ ALSO:ഉത്തരകാശി തുരങ്ക അപകടം: കുടുങ്ങിയ 41 പേരെയും പുറത്തെത്തിച്ചു

എന്തെങ്കിലും നൊടുക്കു ന്യായം പറഞ്ഞ് കേരളത്തിനു ലഭിക്കാനുള്ള തുക പിടിച്ചുവയ്ക്കുകയെന്നതു പതിവാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഏജിയുടെ അവസാന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നു പറഞ്ഞ് ജി.എസ്.ടി നഷ്ടപരിഹാരത്തുക ഇപ്പോഴും സെറ്റില്‍ ചെയ്തിട്ടില്ല.
ധനകാര്യ കമ്മീഷന്റെ തീര്‍പ്പുപ്രകാരമുള്ള ധനസഹായത്തില്‍ ഗണ്യമായ കുറവുവന്നവേളയിലാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതിനുവേണ്ടി ആസൂത്രിതമായി ബജറ്റിനു പുറത്ത് സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പകള്‍ സംബന്ധിച്ച ഇതുവരെ പിന്തുടര്‍ന്ന നിലപാട് കേന്ദ്രം തിരുത്തിയത്. ഇതുമൂലമുള്ള സംസ്ഥാനത്തെ ധനപ്രതിസന്ധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കമുണ്ടെന്നുവയ്ക്കാം. അതു കോടതിയില്‍ തീര്‍പ്പുണ്ടാകട്ടെ.
എന്നാല്‍ തര്‍ക്കമില്ലാത്ത കാര്യമാണല്ലോ മേല്‍പ്പറഞ്ഞ അര്‍ഹതപ്പെട്ട കേന്ദ്ര സഹായം. അവപോലും കൃത്യമായി നല്‍കുന്നതിനുള്ള സമീപനമല്ല കേന്ദ്രം കൈക്കൊള്ളുന്നത്. പ്രതിസന്ധിയെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്നതിനുവേണ്ടി ധനസഹായം പരമാവധി കുടിശിക വരുത്താനുള്ള കുത്സിതനീക്കങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

READ ALSO:കോളേജിന് സമീപത്ത് നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News