രാജ്യത്ത് പ്രതിവർഷം വാഹനാപകടങ്ങളിൽ 1.78 ലക്ഷം പേർ മരിക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിലാണ് ഇതു സംബന്ധിച്ച കണക്കുകൾ ഗഡ്കരി അവതരിപ്പിച്ചത്. ആളുകൾ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതാണ് വലിയ രീതിയിൽ അപകടങ്ങൾ കൂടാൻ ഇടയാക്കിയിട്ടുള്ളതെന്നും ടൂവീലർ ഉപയോഗിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതും ഡ്രൈവർമാർ റെഡ് സിഗ്നൽ മറികടക്കാൻ ശ്രമിക്കുന്നതാണ് അപകട മരണങ്ങൾ വർധിക്കാൻ കാരണമെന്ന് അദ്ദേഹം പാർലമെൻ്റിൽ പറഞ്ഞു.
മരിക്കുന്നവരില്‍ 60 ശതമാനവും 18നും 34വയസ്സിനും ഇടയിലുള്ളവരാണെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. താൻ മന്ത്രിയായി ചുമതലയേറ്റപ്പോൾ റോഡ് അപകടങ്ങളെ 50 ശതമാനമാക്കി കുറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇപ്പോൾ റോഡപകടങ്ങളെക്കുറിച്ചുള്ള ആന്താരാഷ്ട്ര മീറ്റിങ്ങുകളിൽ അടക്കം മുഖം മറച്ച് ഇരിക്കേണ്ട അവസ്ഥയാണ് തനിയ്ക്കെന്നും ഗഡ്കരി പറഞ്ഞു.
രാജ്യത്തെ മനുഷ്യരുടെ പെരുമാറ്റത്തിൽ വലിയ മാറ്റം വരണമെന്നും എല്ലാവരും നിയമം പാലിച്ചാലേ അപകടങ്ങൾ കുറക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. റോഡപകട മരണങ്ങളുടെ പട്ടികയില്‍ സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശും നഗരങ്ങളിൽ ദില്ലിയുമാണ് മുന്നില്‍.
ഉത്തര്‍പ്രദേശില്‍ 23,000 പേരാണ് റോഡപകടങ്ങളില്‍ ഈ വർഷം മരിച്ചത്. തമിഴ്‌നാട്ടില്‍ ഇത് 18,000 വും മഹാരാഷ്ട്രയില്‍ 15,000 ത്തിലധികവും മധ്യപ്രദേശില്‍ ഇത് 14000 വും ആണ്. ദില്ലിയിൽ 1400 പേരും ബെംഗളൂരുവില്‍ 915 പേരും ജയ്പൂരില്‍ 850 പേരും വാഹനാപകടത്തില്‍ മരിച്ചതായി മന്ത്രി ലോക്‌സഭയെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here