രാജ്യത്ത് ക്രൈസ്തവ വേട്ട രൂക്ഷം, 2021-24 കാലഘട്ടത്തിൽ മാത്രം ക്രൈസ്തവർക്കെതിരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2585 ആക്രമണങ്ങൾ

രാജ്യത്ത് ക്രൈസ്തവ വേട്ട മുമ്പെങ്ങും ഇല്ലാത്തവിധം വർധിക്കുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ഹെൽപ്പ്ലൈൻ റിപ്പോർട്ട്. 2014 മുതലാണ് രാജ്യത്തെ ക്രൈസ്തവർക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങുന്നതെന്നും 2021-24 കാലഘട്ടത്തിൽ ഇത് രൂക്ഷമായ തോതിലേക്ക് എത്തപ്പെട്ടുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൂടാതെ, 5 വർഷമായി ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്‌തവർക്ക്‌ പ്രാതിനിധ്യമില്ല.

കണക്കുകൾ അനുസരിച്ച് 2014 ൽ 127 ആക്രമണങ്ങളാണ് നടന്നതെങ്കിൽ 2019 ൽ ഇത് 328 ഉം, 2021ൽ 505, 2022ൽ 601, 2023ൽ 734, 2024 നവംബർ വരെ 745 എന്നിങ്ങനെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങൾ ഹെൽപ്പ് ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യുസിഎഫ് വക്താവ് എ.സി. മൈക്കിൾ അറിയിച്ചു.

ALSO READ: രാജസ്ഥാൻകാരനായ മുംബൈ താരം; രഞ്ജി, ഇറാനി കിരീടധാരണത്തിലെ പ്രധാന പങ്കുവഹിച്ച കൊട്ടിയൻ

മണിപ്പൂരിൽ ക്രൈസ്‌തവർക്കു നേരെ നടക്കുന്ന ആക്രമണങ്ങളുടെ കണക്ക്‌ ഉൾപ്പെടുത്താതെയാണ് ഈ കണക്ക് എന്നത് ഞെട്ടലുളവാക്കുന്നതാണ്. മണിപ്പൂരിൽ മാത്രം 200 ൽപ്പരം പള്ളികളാണ് തകർക്കപ്പെട്ടിട്ടുള്ളത്. പല സംസ്ഥാനത്തും ക്രൈസ്‌തവർക്കെതിരെ ആക്രമണങ്ങൾ നടക്കുമ്പോൾ പൊലീസ്‌ നിയമലംഘകരുടെ പക്ഷത്താണ്‌ നിൽക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ക്രൈസ്‌തവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുന്ന തരത്തിലാണ് പല സംഭവങ്ങളും. 12 സംസ്ഥാനത്ത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെ മതംമാറ്റ വിരുദ്ധ നിയമങ്ങൾ നടപ്പാക്കി. യുഎപിഎ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നിവ പോലെ കിരാതമാണ്‌ ഈ നിയമങ്ങളുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചു. രാജ്യത്ത്‌ നടക്കുന്ന ക്രൈസ്‌തവ പീഡനത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ യുസിഎഫ്‌ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News