റെക്കോർഡ് വേഗത്തില്‍ ഒന്നാം സെമസ്റ്റര്‍ ഫലങ്ങള്‍; ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കുതിപ്പിനുള്ള കിരീടമെന്ന് മന്ത്രി

r-bindu

ഏറ്റവുമധികം കുട്ടികള്‍ പരീക്ഷയെഴുതുന്ന കാലിക്കറ്റ് അടക്കം സംസ്ഥാനത്തെ എല്ലാ മുന്‍നിര സര്‍വകലാശാലകളും സര്‍ക്കാര്‍ നിര്‍ദേശിച്ച സമയക്രമത്തിനും മുമ്പ് ഒന്നാം സെമസ്റ്റര്‍ നാലുവര്‍ഷ ബിരുദഫലം പ്രഖ്യാപിച്ചു. ഇത് കേരളത്തിന്റെ ഉജ്ജ്വലമായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണക്കുതിപ്പിന് സുവര്‍ണ കിരീടം ചാര്‍ത്തി നല്‍കുന്ന നേട്ടമാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പരീക്ഷയെഴുതി ഫലത്തിനായി മാസങ്ങള്‍ കാത്തിരിക്കുന്ന കാലം അവസാനിച്ചിരിക്കുകയാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു.

അത്യത്ഭുതവേഗത്തിലാണ് കാലിക്കറ്റ് അടക്കമുള്ള സര്‍വകലാശാലകള്‍ നാലുവര്‍ഷ ബിരുദ പരീക്ഷയുടെ ഒന്നാം സെമസ്റ്റര്‍ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. പരീക്ഷ കഴിഞ്ഞ് ഏറ്റവും ചുരുക്കം ദിവസങ്ങളില്‍ ഒന്നാം സെമസ്റ്റര്‍ ഫലം പ്രസിദ്ധപ്പെടുത്തി റെക്കോർഡിട്ടിരിക്കുകയാണ് കാലിക്കറ്റിലെ ഫലം കൂടി പുറത്തുവന്നതോടെ കണ്ണൂര്‍, കേരള, എം ജി, തുഞ്ചന്‍, ശ്രീശങ്കര തുടങ്ങിയ സര്‍വകലാശാലകള്‍.

Read Also: ഒരു ലക്ഷം തൊഴിൽ സാധ്യതകൾ ഒരുക്കാൻ സൺ എഡ്യൂക്കേഷൻ സെന്റർ

ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന (അമ്പത്തെട്ടായിരം) സര്‍വകലാശാലയെന്ന നിലയില്‍ കാലിക്കറ്റിന്റെ ഫലപ്രഖ്യാപനത്തിന് സവിശേഷമായ മികവുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസം കൊണ്ടാണ് ഇരുപത്തിനാലായിരത്തോളം കുട്ടികള്‍ പരീക്ഷയെഴുതിയ കേരള സര്‍വകലാശാല ഫലം പ്രസിദ്ധപ്പെടുത്തിയത്. പതിനേഴായിരം പരീക്ഷാര്‍ഥികളുണ്ടായ എംജി അഞ്ച് ദിവസം കൊണ്ട് ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ട് ദിവസം കൊണ്ടായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയുടെ ഫലപ്രഖ്യാപനം. കെ – റീപ് നടപ്പിലാക്കിയ കണ്ണൂര്‍ സര്‍വകലാശാല ഫലപ്രഖ്യാപനത്തോടൊപ്പം വിദ്യാര്‍ഥികളുടെ ലോഗിനില്‍ മാര്‍ക്ക് ലിസ്റ്റ് ലഭ്യമാക്കുക കൂടി ചെയ്ത് കൂടുതല്‍ മികവുകാട്ടി. ഡിസംബര്‍ അഞ്ചിന് പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഇരുപത്തഞ്ച് ദിവസം കൊണ്ടാണ് കാലിക്കറ്റ് ഫലം പ്രഖ്യാപിച്ചത്.

ഉന്നതവിദ്യാഭ്യാസ സമഗ്രപരിഷ്‌കരണ കമ്മീഷനുകളിലെ പ്രധാനപ്പെട്ട പരീക്ഷാ പരിഷ്‌കരണ കമ്മീഷന്റെ സുപ്രധാന നിര്‍ദേശമാണ് ഇതുവഴി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃപങ്കോടെ സാക്ഷാത്കരിക്കാന്‍ സാധിച്ചത്. ഇതിനായി പുറത്തിറക്കിയ ഏകീകൃത അക്കാദമിക് കലണ്ടര്‍ പ്രകാരം 30 ദിവസത്തിനകം ഫലപ്രഖ്യാപനം നടന്നിരിക്കണമെന്ന് മന്ത്രിയെന്ന നിലയില്‍ പ്രത്യേകം നിര്‍ദേശിച്ചു. അതുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാവനാത്മകമായ ആസൂത്രണങ്ങളെയും പരീക്ഷകളും ഫലങ്ങളും അതിവേഗതയില്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങളെയും അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് സര്‍വകലാശാലാ സമൂഹം വിജയത്തിലെത്തിച്ചിരിക്കുകയാണെന്നും മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.

ഈ വിജയത്തിന് സര്‍വകലാശാലാ സമൂഹത്തെയാകെ മന്ത്രി ഡോ. ബിന്ദു അഭിവാദനം ചെയ്തു. ഇതിനായി എത്രയും ഉയര്‍ന്നുപ്രവര്‍ത്തിച്ച സര്‍വകലാശാലാ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കോളേജ് തലത്തില്‍ പരീക്ഷ നടത്തി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി കൃത്യതയോടെ മാര്‍ക്കുകള്‍ ലഭ്യമാക്കുന്നതില്‍ വിവിധ കോളേജ് നേതൃത്വങ്ങളും അധ്യാപക -അനധ്യാപക ജീവനക്കാരും സര്‍വകലാശാലകള്‍ക്ക് നല്‍കിയ പിന്തുണയ്ക്കും മന്ത്രി സ്‌നേഹാശ്ലേഷങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News