ഉത്തര്‍പ്രദേശിലെ ബുദൗണില്‍ യുവാവ് സുഹൃത്തിന്റെ മക്കളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്നു. ബാബ കോളനിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന മൊഹമ്മദ് സാജിദാണ് സുഹൃത്ത് വിനോദിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സുഹൃത്തില്‍ നിന്ന് 5000 രൂപ കടം വാങ്ങാനെത്തിയ യുവാവാണ് ഇരട്ടക്കൊലപാതകം നടത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് 5,000 രൂപ കടം വാങ്ങുന്നതിനായി സാജിദ് വിനോദിന്റെ വീട്ടിലെത്തുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളും മാത്രമാണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലാണെന്നും ചികിത്സയ്ക്ക് 5,000 രൂപ വേണമെന്നും വിനോദിന്റെ ഭാര്യ സംഗീതയോട് സാജിദ് പറഞ്ഞു.
ഇതുകേട്ട സംഗീത വിനോദിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതിനെ തുടര്‍ന്ന് സാജിദ് പണം നല്‍കാന്‍ വിനോദ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സാജിദിനോട് ഇരിക്കാന്‍ പറഞ്ഞ ശേഷം വിനോദിന്റെ ഭാര്യ ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയി. അടുക്കളയില്‍ ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍, സാജിദ് അവരുടെ മൂത്ത മകന്‍ 11 വയസ്സുള്ള ആയുഷിനോട് മുകളിലത്തെ നിലയിലുള്ള അമ്മയുടെ ബ്യൂട്ടി സലൂണ്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു.
കുട്ടി സാജിതിനെ രണ്ടാം നിലയില്‍ കൊണ്ടുപോയി. അവിടെ എത്തിയ സാജിദ് ലൈറ്റ് ഓഫ് ചെയ്യുകയും ആയുഷിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇളയ സഹോദരന്‍ അഹാന്‍ (6) കടന്നുവന്നപ്പോള്‍ സാജിദ് അഹാന്റെ കഴുത്ത് അറുക്കുകയായിരുന്നു. ഇവരുടെ മറ്റൊരു സഹോദരനായ പിയൂഷിനെ ഇയാള്‍ ആക്രമിക്കാന്‍ പോയെങ്കിലും ഏഴുവയസ്സുകാരന് ഓടി ഒളിക്കാന്‍ കഴിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.
ആയുഷും അഹാനും മരിക്കുകയും പിയൂഷിന് പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകം നടത്തിയ പ്രതി പുറത്ത് ബൈക്കില്‍ കാത്തുനിന്ന സഹോദരന്‍ ജാവേദിനൊപ്പം രക്ഷപ്പെട്ടതായി വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സാജിദും ജാവേദും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് കുടുംബം ആരോപിച്ചു.
അതേസമയം സാജിദിനെ പിടികൂടിയപ്പോള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തതായി പൊലീസ് അവകാശപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഒരു ഇന്‍സ്പെക്ടര്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജാവേദിനായി പൊലീസ് തെരച്ചില്‍ തുടരുന്നുണ്ട്.
ഇരട്ടക്കൊല പുറത്തറിഞ്ഞതോടെ പ്രകോപിതരായ നാട്ടുകാര്‍ സാജിദിന്റെ കടയ്ക്ക് തീയിട്ടു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. തനിക്ക് സാജിദുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സാജിദ് വന്നപ്പോള്‍ താന്‍ ജോലിക്ക് പോയിരുന്നു, വീട്ടില്‍ ഉണ്ടായിരുന്നില്ല. ഭാര്യയോട് അയാള്‍ 5,000 രൂപ ചോദിച്ചു, കൊടുത്തോളാന്‍ ഞാന്‍ പറയുകയും ചെയ്തു. എന്തിനാണ് ഈ ക്രൂരത കാണിച്ചതെന്ന് അറിയില്ലെന്നും വിനോദ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here