മാതാപിതാക്കളിൽ നിന്നും പണം കൈക്കലാക്കാൻ തട്ടിക്കൊണ്ട് പോകൽ നാടകം കളിച്ച യുവാവും സുഹൃത്തും പൊലീസിന്റെ പിടിയിലായി. ഉത്തർ പ്രദേശിലെ അമ്രോഹയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ നസീമും സുഹൃത്ത് അമിത്തുമാണ് പൊലീസിന്റെ വലയിൽ കുരുക്കിയത്.
തന്റെ മകനെ ആരോ തട്ടിക്കൊണ്ട് പോയെന്നും അവർ മോചനദ്രവ്യമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും നസീമിൻ്റെ പിതാവ് ആരിഫ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് കള്ളത്തരം വെളിച്ചത്താകുന്നത്. ഇത് സംബന്ധിച്ച ഒരു വിഡിയോയും ആരിഫിന് ലഭിച്ചിരുന്നു. നസീം ഒരു വീടിൻ്റെ നിലത്ത് കൈകളും കാലുകളും കെട്ടിയ നിലയിൽ കിടക്കുന്ന വീഡിയോ ആയിരുന്നു ഇത്. ഇതുകൂടാതെ ഭാര്യാസഹോദരൻ ഷൗക്കീൻ്റെ ഫോണിലേക്ക് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സന്ദേശങ്ങളും എത്തിയിരുന്നു.
ALSO READ; ഹിസ്ബുള്ള നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മൂന്ന് സംഘങ്ങളെ രൂപീകരിച്ചു. നജിബാബാദിൽ നിന്ന് നസീമിനെ രക്ഷപ്പെടുത്തി അമിതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ഇത് വ്യാജ തട്ടിക്കൊണ്ട് പോകൽ ആയിരുന്നുവെന്ന് നസീം പൊലീസിന് മൊഴി നൽകുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കുടുംബത്തിൽ നിന്ന് പണം തട്ടാനാണ് ഇത്തരമൊരു നാടകം കളിച്ചതെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി.
ENGLISH SUMMARY: Up Man arrested for fake kidnap to extract money from his own family
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here