ഈ വിജയം രാഷ്ട്രീയത്തിനുമതീതം; യുആർ പ്രദീപ് എന്ന ചേലക്കരയുടെ ജനകീയ നേതാവ്

UR Pradeep

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ തെരഞ്ഞെടുത്തത് ഏറ്റവും ജനകീയനായ സ്ഥാനാർത്ഥിയെ ആണ്. 2016 മുതൽ അഞ്ച് വർഷം നിയമസഭയിൽ ചേലക്കരയെ പ്രതിനിധീകരിച്ച യുആർ പ്രദീപ് നാട്ടുകാർക്കെല്ലാം സുപരിചിതനായിരുന്നു. എംഎൽഎയായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയനായ നേതാവ് എന്നതും യുആർ പ്രദീപിൻ്റെ വിജയത്തിന് വഴിയൊരുക്കി.

രാഷ്ട്രീയത്തിനപ്പുറം ചേലക്കര മണ്ഡലത്തിലെ ജനങ്ങളുമായി വ്യക്തിബന്ധമുള്ള നേതാവാണ് യുആർ പ്രദീപ്‌. 2016 മുതൽ 2021 വരെ അഞ്ചുവർഷം ചേലക്കരയുടെ എംഎൽഎയായിരുന്നു അദ്ദേഹം. ചേലക്കര എംഎൽഎ ആയിരിക്കെ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളുടെ പുതിയ മാതൃക തന്നെ UR പ്രദീപ് സൃഷ്ടിച്ചു. പ്രളയ കാലത്ത്‌ രാവും പകലുമില്ലാതെ ഓടി നടന്ന ജനപ്രതിനിധി. ഇതെല്ലാം വ്യക്തമായി അറിയാവുന്ന ചേലക്കരയിലെ വോട്ടർമാർ ഒറ്റക്കെട്ടായി യുആർ പ്രദീപിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ചേലക്കര മണ്ഡലത്തിലെ ദേശമംഗലം ഗ്രാമത്തിൽ പാളൂർ തെക്കേപുരക്കൽ പരേതരായ രാമൻ്റെയും ശാന്തയുടെയും മകനായി ജനിച്ച പ്രദീപ് മദ്രാസ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎ ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയിട്ടുണ്ട്. പിന്നീട് 1997 മുതൽ സിപിഐഎമ്മിൻ്റെ സജീവ പ്രവർത്തകനായി.

2000 – മുതൽ 2005 വരെ ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന പുരസ്കാരം ദേശമംഗലം നേടി. 2009 മുതൽ 2011 വരെ ദേശമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായിരുന്നു. 2014 ൽ ദേശമംഗലം പഞ്ചായത്ത് ഭരണസമിതി അംഗമായി. ഇതിനിടെയാണ് 2016 -ൽ ചേലക്കരയുടെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്.

പിന്നീട് 2022 മുതൽ സംസ്ഥാന പട്ടികജാതി – വർഗ്ഗ വികസന കോർപറേഷൻ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ശേഷം നഷ്ടത്തിലായിരുന്ന കോർപറേഷനെ വൻ ലാഭത്തിലേക്ക് ഉയർത്താനും UR പ്രദീപിന് സാധിച്ചു. പിന്നീട് പാർട്ടി നിർദ്ദേശപ്രകാരം പട്ടികജാതി – വർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞാണ് ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായത്. പ്രദീപിൻ്റെ തിരക്കേറിയ പൊതു പ്രവർത്തനത്തിന് ഊർജം പകർന്ന് ഭാര്യ പ്രവിഷയും മക്കളായ കാർത്തിക്, കീർത്തന എന്നിവരും ഒറ്റക്കെട്ടായി ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here