കേരളത്തിന്റെ പുതിയ നഗരനയം യുവജനങ്ങള്‍ക്കൊപ്പം വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള നഗരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള അര്‍ബന്‍ കമ്മീഷനുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.
കേരളത്തിലെ യുവജനങ്ങള്‍ക്കും വയോജനങ്ങള്‍ക്കുമായി അന്താരാഷ്ട്ര തലത്തിലുള്ള സൗകര്യങ്ങള്‍ നഗരനയത്തിന്റെ ഭാഗമായി ഉണ്ടാവണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം കാരണം കേരളത്തിലെ വയോജനങ്ങള്‍ സ്വന്തം ആരോഗ്യ കാര്യങ്ങളെ കുറിച്ച് അറിവുള്ളവരാണ്. അതിനാല്‍ തന്നെ വിവിധ മേഖലകളില്‍ വയോജന സൗഹൃദ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച മുന്നേറ്റം വേണം. മുഴുവന്‍ മേഖലയിലും യുവജന പങ്കാളിത്തവും ഉണ്ടാവണം.
ലോകത്തിലെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിനനുസരിച്ച് കേരളത്തിലെ ജനജീവിതം ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നഗരനയത്തില്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം പല കാര്യങ്ങളിലും മുന്നിലാണ്. കോവിഡിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ പോലും ആരോഗ്യ സൗകര്യങ്ങള്‍ ഇല്ലാതെ മുട്ടുകുത്തിയപ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖല മികച്ച രീതിയില്‍ അതിനെ നേരിട്ടത് നാം കണ്ടതാണ്.
ALSO READ:പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
കേരളത്തിലെ ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസം വളരെ നേരിയതാണ്. നഗരത്തില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലും ലഭ്യമാണ്. നഗരത്തില്‍ ജനസാന്ദ്രത കൂടുതലുണ്ട്. 25 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ നഗരമേതാണ് ഗ്രാമമേതാണ് എന്ന് തിരിച്ചറിയാനാവില്ല. ഇത്തരം ഒട്ടേറെ കാര്യങ്ങള്‍ മുന്നില്‍ കണ്ട് വേണം പുതിയ നഗരനയം രൂപീകരിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഐടി, വ്യവസായ മേഖലകളില്‍ ഏറെ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായിട്ടുണ്ട്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ഉള്‍പ്പെടെ കേരളത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തി ഹയര്‍ എഡ്യുക്കേഷന്‍ ഹബ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. അതിനാല്‍ കേരളത്തിന്റെ സവിശേഷതകള്‍ കണക്കിലെടുത്ത് മുഴുവന്‍ മേഖലയുടെയും വികസനം ഉറപ്പ് വരുത്തുന്നതാകണം നഗര നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അര്‍ബന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം. സതീഷ് കുമാര്‍, കോ ചെയര്‍മാന്‍മാരായ അഡ്വ. എം. അനില്‍കുമാര്‍, ഡോ. ഇ നാരായണന്‍, കമ്മീഷന്‍ അംഗങ്ങളായ ഡോ. ജാനകി നായര്‍, ഡോ. കെ. എസ് ജെയിംസ്, വി. സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. വൈ’ വി.എന്‍. കൃഷ്ണ മൂര്‍ത്തി, പ്രൊഫസര്‍ കെ.ടി. രവീന്ദ്രന്‍, ടിക്കന്ദര്‍ സിങ് പന്‍വാര്‍, ഡോ. അശോക് കുമാര്‍ , കൃഷ്ണദാസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്,തദ്ദേശസ്വയം ഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, വിഴിഞ്ഞം എം. ഡി. ഡോ. ദിവ്യ എസ്. അയ്യര്‍, അര്‍ബന്‍ ഡയറക്ടര്‍ അലക്‌സ് വര്‍ഗീസ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മൂന്നു ദിവസങ്ങളായി തിരുവനന്തപുരത്ത് തുടരുന്ന അര്‍ബന്‍ പോളിസി കമ്മീഷന്‍ വിഴിഞ്ഞം, ഐ ടി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, കൊച്ചി സ്മാര്‍ട്ട് സിറ്റി, കേരള വാട്ടര്‍ അതോറിറ്റി, ടൗണ്‍ പ്ലാനിങ്, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി വിവിധ വകുപ്പുകളിലെയും മേഖലകളിലെയും വിദഗ്ധരുമായി ചര്‍ച്ച നടത്തി. കമ്മീഷന്‍ യോഗം നാളെ അവസാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here