ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം – ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ബാങ്കിംഗ് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ബാങ്കിംഗ് തട്ടിപ്പുകളുടെ ഇടയിലെ ഏറ്റവും പുതിയ പതിപ്പാണ് ആധാര്‍ എനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റം (AePS) ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്. ഈ തട്ടിപ്പിന് OTP, CVV നമ്പര്‍ എന്നിവയൊന്നും ആവശ്യമില്ലെന്നത് ഇതിന്റെ ഗൗരവവും അപകടസാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലാണ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഈ പുതിയ ജനറേഷന്‍ തട്ടിപ്പ് നടക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യുമ്പോള്‍ തന്നെ ആട്ടോമാറ്റിക്കായി AePS എനേബിള്‍ ചെയ്യപ്പെടുന്നു എന്നതാണ് ന്യൂജെന്‍ തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. AePS പ്രകാരം പണം കൈമാറ്റം ചെയ്യുന്നതിന് ആധാര്‍ നമ്പരും ബാങ്കിന്റെ പേരും വിരലടയാളവും മാത്രം മതിയാകും. വിരലടയാളം ഉള്‍പ്പെടെയുള്ള ഈ വിവരങ്ങളെല്ലാം പലപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമായ സ്‌കാന്‍ ചെയ്ത വിവിധ രേഖകളില്‍ നിന്നോ മറ്റു ഡിജിറ്റല്‍ റെക്കോര്‍ഡുകളില്‍ നിന്നോ ശേഖരിച്ച ശേഷം കൃത്രിമ സിലിക്കോണ്‍ വിരലടയാളങ്ങള്‍ ഉണ്ടാക്കിയും മറ്റുമാണ് അതിവിദഗ്ധമായി ഈ തട്ടിപ്പ് നടത്തുന്നത്. AePS സംവിധാനത്തിന് ഒരു യഥാര്‍ത്ഥ വിരലടയാളവും കൃത്രിമ സിലിക്കോണ്‍ വിരലടയാളവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇവിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്. ആധാര്‍ നമ്പറുകള്‍ ലോക്ക് ചെയ്യുകയോ മാസ്‌ക് ചെയ്യുകയോ ചെയ്താല്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരു പരിധിവരെ തടയിടുവാന്‍ കഴിയുമെങ്കിലും അപ്രകാരം ചെയ്യുന്നവരുടെ എണ്ണം തുലോം പരിമിതമാണ്. കൂടാതെ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കല്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന ആശങ്കയും അടുത്തകാലത്ത് ശക്തമായി ഉയര്‍ന്നിട്ടുണ്ട്. AePS സംവിധാനം മുഖേന ദിനംപ്രതി ആയിരം കോടിയോളം രൂപയുടെ പിന്‍വലിക്കല്‍ രാജ്യത്ത് നടക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ തട്ടിപ്പിന് അറുതി വരുത്താന്‍ കഴിയൂ എന്നതിനാല്‍ പ്രധാനമന്ത്രി തന്നെ ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ധനമന്ത്രാലയവും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും കൂടി സംയോജിതമായി നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News