നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നേരത്തേയുള്ള വോട്ടിങ്ങിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി പിന്നിട്ടു. യൂനിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിൽനിന്നുള്ള കണക്കുകൾ പ്രകാരം, 78 ലക്ഷം അമേരിക്കക്കാർ ‘ഏർലി ഇൻ-പേഴ്‌സൻ’ രീതിയിലൂടെയും 13.3 ലക്ഷത്തിലധികം പേർ തപാൽ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റ് കമല ഹാരിസും റിപ്പബ്ലിക്കൻ ടിക്കറ്റിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിലാണ് മത്സരം.
പലയിടങ്ങളിലും നിരവധി ഇന്ത്യൻ വംശജർ അടക്കം വോട്ട് ചെയ്തിട്ടുണ്ട്. അതേ സമയം, ഏഷ്യൻ അമേരിക്കക്കാർക്കിടയിൽ നേരത്തേ പോൾ ചെയ്തവർ 1.7 ശതമാനം മാത്രമാണ്. റിപ്പബ്ലിക്കൻ പാർട്ടിയാണ് നേരത്തേയുള്ള വോട്ടിങ്ങിനായി കൂടുതൽ പ്രചാരണം നടത്തിയതെന്നും ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ALSO READ; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തിൽ മൂന്ന് പാർട്ടികളും 85 സീറ്റുകളിൽ വീതം മത്സരിക്കാൻ തീരുമാനം
ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ കമലക്ക് 46 ശതമാനവും ട്രംപിന് 43 ശതമാനവും പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. കടുത്ത മത്സരം നടക്കുന്ന അരിസോണ, നെവാഡ, വിസ്കോൺസൻ, മിഷിഗൻ, പെൻസൽവേനിയ, നോർത്ത് കരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളാകും തെരഞ്ഞെടുപ്പിൽ നിർണായകമാകുകയെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതിനിടെ, കമല ഹാരിസിന്‍റെ പ്രചാരണത്തിന് മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽഗേറ്റ്സ് 50 ദശലക്ഷം ഡോളർ സംഭാവന നൽകി. ബിൽഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ട്രംപ് അധികാരത്തിലെത്തുന്നതിൽ ആശങ്കയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here