വെനിസ്വെലൻ പ്രസിഡനന്‍റ് നിക്കോളാസ് മദൂറോയെ അമേരിക്ക നോട്ടമിടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ മദൂറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 25 മില്യൺ ഡോളർ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ്. മദൂറോ മൂന്നാമതും വെനിസ്വേലൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയായിരുന്നു യുഎസിന്‍റെ പ്രഖ്യാപനം.
പ്രതിപക്ഷ നേതാക്കളുടെയും അന്താരാഷട്ര സമൂഹത്തിന്റെയും കടുത്ത പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലാണ് മദൂറോയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മദൂറോയെ കൂടാതെ സർക്കാരിലെയും സൈന്യത്തിലെയുമടക്കം നിരവധി പേരുടെ ‘തല’ക്ക് അമേരിക്ക വിലയിട്ടു കഴിഞ്ഞു.
ആഭ്യന്തരമന്ത്രി ഡിയസ്ഡാഡോ കാബെല്ലോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കും മില്യൺ ഡോളർ പ്രതിഫലമുണ്ട്. പ്രതിരോധ മന്ത്രി വ്ലാദിമിർ പഡ്രിനോയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചാൽ പ്രതിഫലമായി യുഎസ് ഓഫർ നൽകിയിരിക്കുന്നത് 15 മില്യണാണ്. ഇത്തരത്തിൽ ജഡ്ജിമാരും സുരക്ഷ സേനയിലെ അംഗങ്ങളും, സൈനിക ഉദ്യോഗസ്ഥരുമടക്കമുള്ള വെനിസ്വേലയിലെ 15 ഉന്നതർക്ക് ബ്രിട്ടനും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
ജനാധിപത്യത്തിനെയും നിയമവാഴ്ചയുടെയും അടിത്തറയിളക്കിയതിനും വെനിസ്വേലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുമാണ് ഉപരോധം ചുമത്തിയതെന്ന് യുകെ അറിയിച്ചു. വെള്ളിയാഴ്ച യൂറോപ്യൻ യൂനിയനും വെനസ്വേലക്കെതിരായ കടുത്ത നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. നിയമവാഴ്ചയും ജനാധിപത്യവും പുനസ്ഥാപിക്കുന്നത് വരെയാണ് ഈ നിയന്ത്രണങ്ങളെന്നാണ് യൂറോപ്യൻ യൂനിയന്റെ വാദം.
കൊക്കെയ്ൻ കടത്ത് വർധിപ്പിച്ച് അമേരിക്കൻ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നും മയക്കുമരുന്ന് യുഎസിനെ തകർക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നുവെന്നുമായിരുന്നു മദൂറോക്കെതിരെ യുഎസ് ഉയർത്തിയ പ്രധാന ആരോപണം. എന്നാൽ, പാശ്ചാത്യ രാജ്യങ്ങളും പ്രതിപക്ഷ നേതാക്കളും ആവർത്തിക്കുന്ന ആരോപണങ്ങളെ മദൂറോ തള്ളി. പടിഞ്ഞാറ് മാത്രമല്ല, അയൽരാജ്യങ്ങളും മദൂറോ നടത്തിയ തെരഞ്ഞെടുപ്പിനെ അംഗീകരിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here