മാധ്യമപ്രവർത്തകൻ ഇവാൻ ഗേഷ്കോവിച്ചിൻ്റെ മോചനം, റഷ്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ലോകം

ചാര വൃത്തി ആരോപിച്ച് അറസ്റ്റിലായ വാൾ സ്ട്രീറ്റ് ജേണലിൻ്റെ മാധ്യമപ്രവർത്തകൻ ഇവാൻ ഗേഷ്കോവിച്ചിൻ്റെ മോചനത്തിനായി റഷ്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ലോകം. ഇവാൻ ഗേഷ്കോവിച്ചിൻ്റെ മോചനത്തിനായി ലോകമെങ്ങും പ്രതിഷേധ ശബ്ദം ഉയരുകയാണ്. വിവിധ മാധ്യമ സംഘടനകളും പത്രപ്രവർത്തക കൂട്ടായ്മകളും റഷ്യൻ ഇടപെടലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സ്വതന്ത്ര മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തുകയാണ് റഷ്യൻ ലക്ഷ്യമെന്നും ഇവാനെ ബന്ദിയാക്കിയുള്ള റഷ്യൻ പദ്ധതിയെ അപലപിക്കുന്നുവെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം. റഷ്യയിൽ തുടരുന്ന അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം മാതൃരാജ്യത്തേക്ക് തിരികെ എത്താനാണ് പ്രസിഡന്റ് ജോ ബൈഡൻ്റെ അഭ്യർത്ഥന.

റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസസ് അറസ്റ്റ് ചെയ്തിട്ടുള്ള ഗേഷ്കോവിച്ചിന് കോൺസുലേറ്റിന്റെ സഹായം നേടാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട് റഷ്യ. യെക്കാട്ടറിൻബർഗ് എന്ന നഗരത്തിൽ നിന്ന് അറസ്റ്റിലായ ഇവാൻ ഗേഷ്കോവിച്ച് സർക്കാരിൻ്റെ പല രഹസ്യ വിവരങ്ങളും കൈക്കലാക്കാൻ ശ്രമിച്ചതായും റഷ്യ ആരോപിക്കുന്നുണ്ട്.

ഗേഷ്കോവിച്ചിനെതിരെ 20 വർഷം തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ചാർത്തിയേക്കും. മാധ്യമ വേഷത്തിൽ ചാരന്മാരെ പറഞ്ഞയക്കുകയാണ് അമേരിക്കയെന്നും റഷ്യ പരിഹാസമുയർത്തുകയാണ്. നേരത്തെ മയക്കുമരുന്ന് കയ്യിൽ വച്ചു എന്ന് ആരോപിച്ച് പ്രമുഖ അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരമായ ബ്രിട്ണി ഗ്രെയ്നറെയും തടവിലാക്കിയിട്ടുണ്ട് റഷ്യ.

അതേസമയം റഷ്യക്ക് എതിരെ കടുത്ത വിമർശനം ഉയർത്തുന്ന വാൾ സ്ട്രീറ്റ് ജേണലിന്റെ മുഖപ്രസംഗത്തിൽ അമേരിക്കൻ ഭരണകൂടത്തിനെതിരെയും വിമർശനമുണ്ട്. സ്വന്തം രാജ്യത്തിൻറെ പൗരന്മാരെ സംരക്ഷിക്കാൻ കഴിയാത്തതായി ഭരണകൂടം മാറിയെന്നാണ് പത്രത്തിൻ്റെ ആക്ഷേപം. ബ്രിട്നി ഗ്രെയിനറും ഇവാൻ ഗേഷ്കോവിച്ചുമടക്കം അമേരിക്കൻ പൗരന്മാർ വേട്ടക്കിരയാകുമ്പോൾ സംരക്ഷിക്കാൻ കഴിയാത്ത ഭരണകൂടമാണോ ലോകപൊലീസ് ചമയുന്നതെന്നാണ് അമേരിക്കൻ ജനത തന്നെ ഉയർത്തുന്ന പരിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News