അമേരിക്കൻ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ശേഷം കൂടെയുണ്ടായിരുന്ന വിശ്വസ്തരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കാനൊരുങ്ങി ട്രംപ്. ട്രംപിന്റെ വിശ്വസ്തനും ഇന്ത്യൻ വേരുകളുമുള്ള അഭിഭാഷകനായ കശ്യപ് കാഷ് പട്ടേലിന്‍റെ പേരാണ് ഇതിൽ തന്നെ ഉയർന്നു കേൾക്കുന്നത്. അമേരിക്കൻ രഹസ്യാന്വേഷണ എജൻസി സിഐഎയുടെ തലപ്പത്തേക്ക് പട്ടേൽ എത്തിയേക്കുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് സുപ്രധാന പദവികൾ വഹിച്ചിരുന്ന പട്ടേലിന് ഇക്കുറിയും ഉന്നത പദവി ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവിയായിരുന്നു അദ്ദേഹം. ഇക്കുറി ട്രംപിനൊപ്പം പ്രചാരണ രംഗത്തും സജീവമായിരുന്നു ഇദ്ദേഹം.
ട്രംപിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ് കാഷ് പട്ടേൽ. 1980 ഫെബ്രുവരി 25 ന് ന്യൂയോർക്കിൽ കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റ മാതാപിതാക്കളുടെ മകനായി ജനിച്ച പട്ടേലിന്‍റെ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ബിരുദവും നേടി. ക്രിമിനൽ അഭിഭാഷകനായ അദ്ദേഹം മിയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്ത അദ്ദേഹം മിയാമി കോടതിയിൽ ഒമ്പത് വർഷത്തോളം ചെലവഴിച്ചു.
ALSO READ; മുടിവെട്ടിയത് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ 50 കാരിയെ കുത്തിക്കൊന്ന് കാമുകന്‍
തുടർന്ന് നീതി വകുപ്പിലേക്ക് കളം മാറ്റിച്ചവിട്ടിയ പട്ടേൽ അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് പ്രതിനിധിയായി പ്രവർത്തിച്ചു. അവിടെ നിന്ന് നാഷണൽ ഇന്റലിജൻസ് ആക്ടിങ് ഡയറക്ടറിന്റെ ഡെപ്യൂട്ടിയായി. അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തങ്ങളിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ച വ്യക്തി നിലക്ക് കൂടിയാണ് സിഐഎ ഡയറക്ടർ സ്ഥാനത്തേക്ക് പട്ടേലിന്റെ പേര് ഉയർന്നു കേൾക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here