നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനുമായി വൈറ്റ് ഹൌസിൽ സന്ദർശനം നടത്തി. ഒരു യുദ്ധം ജയിച്ചുകയറിയ പോരാളിയുടെ എല്ലാ വീര്യവും പ്രകടമാകുന്ന തരത്തിലായിരുന്നു ട്രംപിൻ്റെയാ കൂടിക്കാഴ്ച. റിപ്പബ്ലിക്കൻ നേതാവിന് സുഗമവും സമാധാനപരവുമായ അധികാര കൈമാറ്റം നേരത്തെ തന്നെ പ്രസിഡൻ്റ് ബൈഡൻ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2020 ലെ തെരഞ്ഞെടുപ്പിൽ ബൈഡനോട് തോറ്റ ശേഷം ആദ്യമായുള്ള ട്രംപിൻ്റെ സന്ദർശനം എന്ന നിലയ്ക്ക് ഈ കൂടിക്കാഴ്ച ഏറെ കൌതുകം നിറഞ്ഞതായിരുന്നു. വൈറ്റ് ഹൌസിലെത്തിയ ട്രംപിനെ സ്വാഗതം ചെയ്ത ബൈഡൻ അദ്ദേഹത്തെ വൈറ്റ്ഹൌസിലെ ഓവൽ ഓഫീസിൽ ഇരുത്തി.
കാലാവസ്ഥാ വ്യതിയാനം മുതൽ റഷ്യയോടുള്ള വ്യാപാരം വരെയുള്ള നയങ്ങളിൽ ഇരു നേതാക്കൾക്കും അവരുടെ പാർട്ടികൾക്കും വ്യത്യസ്ത നിലപാടുകളാണ് ഉള്ളതെങ്കിലും കൂടിക്കാഴ്ചയിൽ അതൊന്നും പ്രതിഫലിച്ചില്ല. കഴിഞ്ഞ ജൂലായ് വരെ ട്രംപിൻ്റെ മുഖ്യ എതിരാളിയായിരുന്നു ബൈഡനെങ്കിലും പ്രായാധിക്യത്തെ തുടർന്ന് ബൈഡൻ പിന്നീട് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. തുടർന്നാണ് കമലാ ഹാരിസ് സ്ഥാനാർഥിയായത്. എങ്കിലും തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഇരുവരും തമ്മിലുള്ള വാക് പോരാട്ടത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. 81 കാരനായ ബൈഡൻ, ട്രംപിനെ ജനാധിപത്യത്തിന് ഭീഷണിയായി ചിത്രീകരിച്ചപ്പോൾ, 78 കാരനായ ട്രംപ് ബൈഡനെ കഴിവുകെട്ടവനെന്ന് വിളിച്ചായിരുന്നു മറുപടി നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here