അവസാനവട്ട ശ്രമങ്ങളിലും ടിക് ടോക്കിനു തിരിച്ചടി. ഷോർട്ട് വിഡിയോ ആപ്പായ ടിക്ടോക് യുഎസിൽ നിരോധിക്കണമെന്ന ഫെഡറൽ നിയമം സുപ്രീംകോടതി ശരിവെച്ചു. നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് ടിക്ടോക് നൽകിയ ഹരജി കോടതി തള്ളിയതോടെ അവസാന പിടി വള്ളിയും ആപ്പിന് നഷ്ടമായി. ജനുവരി 19നകം ടിക്ടോക് യുഎസിലുള്ള മുഴുവന്‍ ആസ്തിയും വിറ്റൊഴിയണമെന്നാണ് ജോ ബൈഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിലെ പ്രധാന വ്യവസ്ഥ.
അല്ലെങ്കിൽ നിരോധിക്കും. ആസ്തികൾ അമേരിക്കൻ കമ്പനികൾക്ക് ഇതുവരെ ടിക് ടോക് കൈമാറിയിട്ടില്ല. അതിനാൽ ഏറെക്കുറെ നിരോധനം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ വർഷം പാർലമെന്റിൽ പാസാക്കിയ നിയമം, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ALSO READ; സമാധാനം അരികെ; ഗാസ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റിന്‍റെ അംഗീകാരം
വ്യക്തിഗതവിവരങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയ സുപ്രധാന ഡേറ്റ ടിക്ടോക് ചൈനീസ് സര്‍ക്കാരിന് കൈമാറാനുള്ള സാധ്യതയുണ്ട് എന്ന ആരോപണത്തെ തുടർന്നാണ് നിയമം കൊണ്ടു വന്നത്. അതേ സമയം, അവസാന നിമിഷം ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ടിക്ടോക്കിനെ ഏറ്റെടുക്കാനുള്ള സാധ്യതയാണ് ചിലര്‍ മുന്നോട്ടുവയ്ക്കുന്നത്. ടിക്‌ടോക്ക് മസ്‌ക് വാങ്ങുമെന്നാണ് ചൈനീസ് ഉദ്യോഗസ്ഥരും കരുതുന്നതെന്ന് ബ്ലൂംബര്‍ഗും ദ് വോള്‍സ്ട്രീറ്റ് ജേണലും പറയുന്നു.
എന്നാല്‍, ദ് ഫൈനാന്‍ഷ്യല്‍ ടൈംസ് പറയുന്നത് തങ്ങളുടെ സുഹൃത്തായ മസ്‌ക് മധ്യസ്ഥം വഹിച്ച് എങ്ങനെയെങ്കിലും ടിക്‌ടോക്കിനെ ഇപ്പോഴത്തെ ആപല്‍സന്ധി തരണം ചെയ്യാന്‍ സഹായിക്കുമെന്നാണ്. മസ്‌കിന്റെ ഏറ്റെടുക്കല്‍ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ടിക്‌ടോക് വക്താവ് മൈക്കിൽ ഹ്യൂസ് ‘കെട്ടുകഥയെക്കുറിച്ച് എന്തു പ്രതികരിക്കാനാണ്’ എന്നാണ് പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here