17 ദിവസം പുറം ലോകം കാണാതെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കത്തില്‍ കഴിഞ്ഞത് 41 പേര്‍. സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് തോഴില്‍ നഷ്ടമായ ഒരു കൂട്ടം തൊഴിലാളികളാണ് ഒടുവിൽ അവരെ രക്ഷിക്കാനായി എത്തിയത്. റാറ്റ് മൈനേഴ്സ് അഥവാ ‘എലി ഖനന തൊഴിലാളികള്‍’. പേര് പോലെ തന്നെ എലികളെ പോലെ, ഒരാള്‍ക്ക് നൂണ്ട് കയറാവുന്ന വളരെ ചെറിയ തുരങ്കള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികളാണ് ഇവര്‍. ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ റാറ്റ് മൈനേഴ്സ് എന്നറിയപ്പെടുന്ന ഖനിത്തൊഴിലാളികളാണ് ഇന്നത്തെ ഹീറോകള്‍.
2014 ല്‍ സര്‍ക്കാര്‍ ഇത്തരം തൊഴിലുകള്‍നിരോധിച്ചിരുന്നു. മറ്റൊരു ഖനി അപകടത്തിന് പിന്നാലെയായിരുന്നു ആ നിരോധനമെങ്കില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ തൊഴിലാളികളുടെ സഹായത്തോടെ സര്‍ക്കാര്‍ മറ്റൊരു 41 തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നും എത്തിയ പ്രസാദി ലോദി, രാകേഷ് രാജ്പുത്, ബാബു ദാമര്‍, ഭൂപ്രന്ദ്ര രാജ്പുത്, ജൈത്രാം രാജ്പുത്. സൂര്യ എന്നീ ആറ് റാറ്റ് മൈനേഴ്സാണ് ആ ഹീറോകള്‍.
മൂന്ന് പേർ വീതമുള്ള രണ്ട് ടീമുകളായി ആറ് പേരും 24 മണിക്കൂര്‍ നേരം മാറി മാറി തുരങ്കം നിര്‍മ്മിച്ചു. ഒരാൾ ഡ്രെയിലിംഗ് നടത്തിയപ്പോള്‍ രണ്ടാമത്തേയാള്‍ പാറക്കഷണങ്ങളും പൊടിയും പൈപ്പിലേക്ക് മാറ്റി. മൂന്നാമത്തെയാള്‍ അവ പുറത്തേക്ക് വലിച്ചിട്ടു. അമേരിക്കന്‍ നിര്‍മിത ഓഗര്‍ യന്ത്രം പണിമുടക്കിയപ്പോള്‍ തുരങ്കത്തിലെ അവസാന 15 മീറ്റര്‍ ദൂരം അവരെ വെറും കൈയാല്‍, തങ്ങളുടെ തനത് ഉപകരണങ്ങള്‍ കൊണ്ട് തുരങ്കം കുഴിച്ച് മുന്നേറി. ഒടുവില്‍ തുരങ്കത്തിനുള്ളിലെത്തി. 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവർ അവരെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു. ‘ഒരു കുടുംബത്തെപ്പോലെ ഞങ്ങളെ കെട്ടിപ്പിടിച്ചു,’ എന്നാണ് റാറ്റ് മൈനേഴ്സ് പറഞ്ഞത്.
ആരാണ് റാറ്റ് മൈനേഴ്സ് ?
മേഘാലയയിൽ ഏറ്റവും സാധാരണമായ വിദഗ്ധ തൊഴിലാളികൾ നടത്തുന്ന ശാരീരികമായി കുഴിക്കല്‍ രീതിയാണ് റാറ്റ്-ഹോൾ ഖനനം (Rat Hole Mining). നിലത്ത് ഇടുങ്ങിയ കുഴികൾ കുഴിക്കുന്നു, സാധാരണയായി ഒരാൾക്ക് മാത്രം നൂണ്ട് കടക്കാന്‍ പറ്റുന്ന വലിപ്പമുള്ളവ. “എലിക്കുഴി” (Rat Hole) എന്ന പദം നിലത്ത് മനുഷ്യന്‍ തീര്‍ക്കുന്ന ഇത്തരം ഇടുങ്ങിയ കുഴികളെ സൂചിപ്പിക്കുന്നു. സാധാരണയായി ഒരാൾക്ക് ഇറങ്ങാനും കൽക്കരി വേർതിരിച്ചെടുക്കാനും ഇവ മതിയാകും. കുഴികൾ കുഴിച്ചതിന് ശേഷം, ഖനിത്തൊഴിലാളികൾ കയറും മുള ഏണിയും ഉപയോഗിച്ച് കുഴികളിലേക്ക് ഇറങ്ങുന്നു. ഇത് അങ്ങേയറ്റം അപകടകരമായ ഖനനപ്രവര്‍ത്തനമാണ്. യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയുള്ള ഇത്തരം ഖനനപ്രവര്‍ത്തനങ്ങളില്‍ ശ്വാസംമുട്ടലും, ഓക്സിജന്‍റെ അഭാവവും, പട്ടിണിയും എന്നിവ മൂലം നിരവധി ഖനിത്തൊഴിലാളികൾ മരിക്കുന്നത് സാധാരണമായിരുന്നു.കൂടാതെ മലനിരകള്‍ക്ക് ഉള്ളില്‍ അശാസ്ത്രീയമായ ഇടുങ്ങിയ തുരങ്കങ്ങള്‍ എന്നും വലിയ ദുരന്തങ്ങളെ ഒളിപ്പിച്ചു. പലപ്പോഴും പെയ്തിറങ്ങിയ മഴ വെള്ളം റാറ്റ് മൈനേഴ്സിന്‍റെ ജീവനെടുത്തു. നിരവധി രാജ്യങ്ങളില്‍ ഇന്ന് ഇത്തരം ഖനനങ്ങള്‍ നിയമവിരുദ്ധമാണ്.
also read:ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുന്നു
എന്നാല്‍ 2007-നുമിടയിൽ അത്തരം ഖനികളിൽ 10,000 മുതൽ 15,000 വരെ ആളുകൾ മരിച്ചതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ പറയുന്നു. 2014 ല്‍ റാറ്റ് ഹോള്‍ മൈനിംഗ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍, 2019 ല്‍ വായു സഞ്ചാരം കുറഞ്ഞ ഇത്തരമൊരു ഖനിയില്‍ ഏതാണ്ട് ഒരു മാസത്തോളം കുടിങ്ങിക്കിടന്ന 15 തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here