ഉത്തര്‍പ്രദേശിലെ വിദ്വേഷാഭ്യാസം: അധ്യാപികയ്ക്കെതിരെ കേസെടുത്താല്‍ തീരുമോ വെറുപ്പിന്‍റെ രാഷ്ട്രീയം

ഈ രാജ്യം ഇതെങ്ങോട്ട് എന്ന ചോദ്യമാണ് ക‍ഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തിന് പിന്നാലെ ഭരണഘടനാ വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ഇതരമത വിദ്വേഷം പരത്താന്‍ ഒരധ്യാപിക ഏറ്റവും നീചമായ വ‍ഴി തെരഞ്ഞെടുക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു. മുസഫർ നഗറിലെ സ്കൂളില്‍ താന്‍ വിദ്യ പകര്‍ന്നു നല്‍കുന്ന കുട്ടികളെ കൊണ്ട് ഇതര മതവിഭാഗത്തിൽപ്പെട്ട കുട്ടിയെ അടിപ്പിച്ചാണ് അധ്യാപിക അവരുടെ വര്‍ഗീയ വെറിയെ തൃപ്തിപ്പെടുത്തിയത്.

സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാ‍ഴ്ച ചോദ്യം ചെയ്യല്‍ ഉണ്ടായേക്കും. അറസ്റ്റിനും സാധ്യതയുണ്ട്. എന്നാലിത് കേസെടുത്ത് ഇവരെ ശിക്ഷിക്കുന്നതില്‍ ഒതുങ്ങുമോ?

ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോ‍ഴാണ് ഇത്തരത്തില്‍ സംഭവങ്ങള്‍ സ്വാഭാവികമെന്നവണ്ണം രാജ്യത്ത് നടക്കുന്നതായി മനസിലാക്കുന്നത്. മണിപ്പൂരിലെ ക്രൂരതയും വീഡിയോ പുറത്തായതിലൂടെയാണ് ലോകം അറിഞ്ഞത്. അങ്ങനെയാണെങ്കില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പകര്‍ത്താത്ത അതിന് സാധിക്കാത്ത എത്ര മാത്രം സംഭവങ്ങ‍ള്‍ ഇവിടെ നടക്കുന്നുണ്ടാവാം എന്ന ചോദ്യമാണ് സംഭവത്തെ അപലപിച്ചുകൊണ്ട് പലരും പങ്കുവെച്ചത്.

ALSO READ:യുപിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; വീഡിയോ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര ഉത്തരവ് നല്‍കിയതായി കോണ്‍ഗ്രസ്

സമൂഹത്തില്‍ സമാധാനവും സാഹോദര്യം സമത്വവും സ്നേഹം വിരിയിക്കുന്നതില്‍ പ്രധാനപ്പെട്ട ഇടങ്ങളായ പള്ളിക്കൂടങ്ങളില്‍ വിദ്വേഷത്തിന്  വളമിടുന്നത് കണ്ടിട്ടും അറിഞ്ഞിട്ടും മിണ്ടാതെയിരിക്കുന്ന അരാഷ്ട്രീയ സമൂഹത്തെ സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് ക‍ഴിയുന്നു. അതിന്‍റെ തെളിവാണ് ഇത്തരം ക്രൂരമായ സംഭവങ്ങള്‍ക്കെതിരായ തണുത്ത പ്രതികരണങ്ങളെന്നാണ് വിമര്‍ശനം. മതവര്‍ഗീയവാദം അരാഷ്ട്രീയതിലൂടെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ഒന്നിനെ മറയ്ക്കാന്‍ മറ്റൊന്ന് ഇട്ട് തരുമ്പോള്‍ അതിന് പിന്നാലെ ഓടുന്ന വെറും ഒരു കൂട്ടം മാത്രമായ മനുഷ്യരെ സൃഷ്ടിച്ച് തങ്ങളുടെ മാനിഫെസ്റ്റോ നടപ്പിലാക്കുകയാണ്.

മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചു. വിദ്വേഷം ആളിക്കത്തുമ്പോള്‍ തണുപ്പേകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടും അതില്‍ പങ്കുചേരേണ്ടതും പൗരരുടെ കടമയാണ്. അത് നിറവേറ്റാത്ത പക്ഷം വര്‍ഗീയതയ്ക്കും മതരാഷ്ട്ര വാദത്തിനും കുടപിടിക്കുന്ന വെറും അരാഷ്ട്രീയ കോമരങ്ങളായി സമൂഹം മാറുമെന്നും സംഭവത്തെ അപലപിച്ചുകൊണ്ട് സാമൂഹ്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നടന്ന സംഭവം ഞെട്ടിക്കുന്നത്: മന്ത്രി വി ശിവന്‍കുട്ടി

ഈ അധ്യാപികയെ ഒരു വ്യക്തി ആയി ചുരുക്കി കാണരുത്. ഇവര്‍ വിദ്വേഷം കുത്തിനിറയ്ക്കപ്പെട്ടവരുടെ ഒരു പ്രതിനിധിയാണ്. ഇത്തരക്കാര്‍ രാജ്യത്ത് അങ്ങോളം ഇങ്ങോളം തങ്ങള്‍ ചിന്തിക്കുന്ന രീതിയുടെ, തങ്ങളുടെ ഉള്ളില്‍ കുത്തി നിറയ്ക്കപ്പെട്ട വിദ്വേഷത്തിന്‍റെ വിഷം തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണം. അതിലുപരി വെറുപ്പിന്‍റെ സോഷ്യല്‍ എഞ്ചിനിയറിംഗ് കൈമുതലാക്കിയവരെ ജനാധിപത്യ പ്രക്രിയയിലൂടെ പുറത്താക്കുകയാണ് പ്രഥമമായ മരുന്ന്. എന്നാല്‍ മാത്രമേ പടരുന്ന വെറുപ്പിനെ തൂത്തെറിഞ്ഞ് സമാധാനം പുലരുന്ന നാളുകളെ കാത്തിരിക്കേണ്ടതുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News