ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. യുസിസിയുടെ കരട് റിപ്പോര്‍ട്ട് സമിതി ഉത്തരാഖണ്ഡ് സര്‍ക്കാരിന് കൈമാറി. ഈ മാസം 5 മുതല്‍ 8 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് നീക്കം. ഗുജറാത്ത് അടക്കം ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി റിട്ടയേര്‍ഡ് ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. യുസിസിയുമായി ബന്ധപ്പെട്ട് സമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് സമര്‍പ്പിച്ചു. ക്യാബിനറ്റിന്റെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും.
ALSO READ:ശ്രുതിതരംഗം പദ്ധതി: അപേക്ഷിച്ച എല്ലാവര്‍ക്കും അനുമതി നല്‍കി: മന്ത്രി വീണാ ജോര്‍ജ്
ഫെബ്രുവരി 5 മുതല്‍ എട്ട് വരെ ഏകീകൃത സിവില്‍ കോഡ് പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് സുപ്രധാന ദിനമാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രതികരിച്ചു. ബിജെപി സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യാ രാമക്ഷേത്രത്തിന് ശേഷം ആര്‍എസ്എസിന്റെ അജണ്ടകളാണ് പൗരത്വ ഭേദഗതി നിയമവും ഏകീകൃത സിവില്‍കോഡും. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ബിജെപി ഇതര സര്‍ക്കാരുകളും പ്രതിപക്ഷവും നടത്തിയിരുന്നു.
ഏകീകൃത സിവില്‍ കോഡിനെതിരെ കേരള നിയമസഭ പ്രമേയവും പാസാക്കിയിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡ് വഴി ഹിന്ദുത്വ അജണ്ട നടപ്പാക്കാനുളള ശ്രമമാണെന്ന നിലപാടിലാണ് പ്രതിപക്ഷം. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന ആക്ഷേപവും ശക്തമാണ്. നിലവില്‍ ഗോവയാണ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡുളള ഏക സംസ്ഥാനം. ഗുജറാത്ത് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here