ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലി നിരപരാധിയെന്നാണ് പാര്‍ട്ടി നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിഖില്‍ പൈലി പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തിന്റെ ഭാരവാഹിയാണോ എന്നറിയില്ല. അക്കാര്യം തീരുമാനിച്ചത് യൂത്ത് കോണ്‍ഗ്രസാണെന്നും വി.ഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലിയെ യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്‍ സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനാക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ദേശീയ ചെയര്‍മാന്‍ ചാണ്ടി ഉമ്മനാണ് നിഖില്‍ പൈലിയെ നേതൃസ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു ധീരജ് വധക്കേസില്‍ നിഖില്‍ പൈലി നിരപരാധിയാണെന്നും ഭാരവാഹിയാക്കിയോ എന്നറിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞത്.
Also Read- ചിരിപകരാന്‍ ഇനിയില്ല; നാടിന്റെ പ്രിയങ്കരിയായ ‘പുഞ്ചിരി അമ്മച്ചി’ ഓര്‍മയായി
ഇടുക്കി എന്‍ജിനീയറിംഗ് കോളേജ് തെരഞ്ഞെടുപ്പിനിടെയായിരുന്നു ധീരജ് ധാരുണമായി കൊല്ലപ്പെട്ടത്. പുറമേനിന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ക്രിമിനല്‍സംഘം ക്യാമ്പസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് തടഞ്ഞ വിദ്യാര്‍ത്ഥികളായ അഭിജിത്ത്, ധീരജ്, അമല്‍, അര്‍ജുന്‍ എന്നിവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനിടെ, നിഖില്‍ പൈലി പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് അഭിജിത്തിനേയും അമലിനേയും ധീരജിനേയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ധീരജ് പിന്നീട് മരിച്ചു. നിഖില്‍ പൈലിക്ക് പുറമേ, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ, കെഎസ്‌യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിന്‍ ഉപ്പുമാക്കല്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്, കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേല്‍ നിതിന്‍ ലൂക്കോസ് എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here