തിരുവനന്തപുരം നേമം സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്നും ഭരണസമിതി കുറ്റക്കാരെന്നു കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എല്‍.എ.
തെറ്റുചെയ്യുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയില്ല. ബാങ്കില്‍ കുടിശ്ശിഖ കൂടി വന്ന സാഹചര്യത്തില്‍ തന്നെ പാര്‍ടി ഇടപെട്ട് കുടിശ്ശിഖ പിരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ഭരണസമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1.5 കോടിയോളം രൂപ കുടിശ്ശിഖ പിരിക്കുകയും നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
മുന്‍ ബാങ്ക് സെക്രട്ടറിയടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് സഹകരണ നിയമം ലംഘിച്ചുകൊണ്ടുള്ള ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നാണ് മനസിലാകുന്നത്. ഇപ്പോള്‍ നിക്ഷേപകര്‍ നിയമനടപടികള്‍ സ്വീകരിച്ചതായിട്ടാണ് അറിയുന്നത്.
നേമം ബാങ്കുമായി ബന്ധപ്പെട്ട് പാര്‍ട്ടി അംഗങ്ങള്‍ക്ക് ഉള്ള പങ്ക് പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കും. സംസ്ഥാന സഹകരണ വകുപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പണം നഷ്ടപ്പെടാത്ത നില ഉണ്ടാക്കുമെന്നും അഡ്വ.വി.ജോയി പ്രസ്താവനയിലൂടെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here