ഒരു ചുവപ്പൻ വീര ഗാഥ; വി എസ്, പോരാട്ടത്തിന്റെ മറുപേര്..! സഖാവിന് പിറന്നാൾ ആശംസകൾ

‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തല്ലെൻ യുവത്വവും, കൊടിയ ദുഷ് പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്ത ശീലമെൻ യൗവനം…’ പുന്നപ്ര വയലാർ സമരാഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത കമ്മ്യൂണിസ്റ്റ്‌നേതാവിന് 101ാം പിറന്നാൾ ആശംസകൾ.

സമര പോരാട്ടങ്ങളുടെ കനൽ വഴികൾ താണ്ടിയ രാഷ്ട്രീയ ജീവിതം. 1923 ഒക്ടോബർ 20 ന് ആലപ്പുഴയിലെ പുന്നപ്രയിൽ ആയിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദന്റെ ജനനം. വ്യക്തി ജീവിതത്തിലെ കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിട്ട പോരാളി. ചെറുത്തുനിൽപ്പുകൾ, പ്രതിഷേധങ്ങൾ, മർദ്ദനങ്ങൾ, ഐതിഹാസികമായ പുന്നപ്ര വയലാർ സമരം, ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങൾ നീണ്ട കൊടിയ പൊലീസ് മർദ്ദനം. ഇവയ്ക്കൊന്നും വി എസ് എന്ന പോരാട്ടവീര്യത്തെ തകർക്കാൻ കഴിഞ്ഞില്ല.

Also read:വൻ സ്വർണ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം മോഷണം പോയതായി പരാതി

ജയിൽ വാസവും നീണ്ട ഒളിവ് ജീവിതവും എല്ലാം വി എസ് എന്ന ഈ രാഷ്ട്രീയ മനുഷ്യനെ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും മരണശേഷം തയ്യൽ തൊഴിലാളിയായി. അതിനിടെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.

1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അംഗമായി. 1954 പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായ വിഎസ് 1956 ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1959 ൽ സിപിഐ ദേശീയ കൗൺസിൽ അംഗം. 1964 സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങി വന്ന 32 പേർ ചേർന്ന് സിപിഐഎം രൂപീകരിച്ചു. അതിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്യുതാനന്ദൻ മാത്രമാണ്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു വിഎസിന്റെ ആദ്യകാല പ്രവർത്തനം.

Also read:സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ദുരിതജീവിതം മാത്രം അറിയാവുന്ന തൊഴിലാളികൾക്ക് നിശ്ചയദാർഢ്യത്തിന്റെ കരുത്തുപകർന്നു നൽകുകയായിരുന്നു വിഎസ് എന്ന നേതാവ്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ പ്രശ്നങ്ങൾ അദ്ദേഹം ഇടപെട്ടു. കാലങ്ങളായി ജന്മി തമ്പ്രാക്കൾക്ക് മുൻപിൽ തലകുനിച്ച് കൈകൂപ്പി നിന്നിരുന്ന തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരം ആരംഭിച്ചു. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം കുട്ടനാടിന്റെ വയലേലകളിൽ കൊടുങ്കാറ്റായി അലയടിച്ചു. എന്നാൽ വിഎസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ ഇല്ലായ്മ ചെയ്യുവാൻ ജന്മിമാർ ഉത്തരവ് പ്രഖ്യാപിച്ചു. പുന്നപ്ര വയലാർ സമരത്തിന് പിന്നാലെ അറസ്റ്റിലായ വിഎസ് കൊടിയമർദനത്തിന് ഇരയായി. കാലിൽ ബയണറ്റ് കുത്തിയിറക്കി മരിച്ചെന്നു കരുതി വിഎസിനെ പൊലീസുകാർ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ അവിടെ നിന്നും അയാൾ തിരികെ വന്നു.പിന്നീടങ്ങോട്ട് പകരക്കാരൻ ഇല്ലാത്ത രാഷ്ട്രീയ നേതാവായി കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം ഉയർന്നു.

സാധാരണക്കാരിൽ സാധാരണക്കാരനായി നിന്ന് ജനകീയ നേതാവായി സഖാവ് വി എസ് മാറി. അടിസ്ഥാന ജന വിഭാഗത്തിന്റെ ശബ്ദമായി നിലകൊണ്ട് അവർക്ക് ദിശാബോധം നൽകി. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വിഎസ് 82 ആം വയസ്സിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ നേതാവുമാണ്. സജീവ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുമ്പോഴും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന വലിയോരു ശൂന്യതയുണ്ട്. വിഎസ് ഇല്ലാത്ത ഇടതുപക്ഷത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.

കരളുറപ്പുള്ള പ്രിയ സഖാവിന്, പ്രായത്തെ തോൽപ്പിച്ച വിപ്ലവകാരിക്ക് ജന്മദിനാശംസകൾ..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News