സര്‍ക്കാരിനെതിരെ പൊതുവേയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രത്യേകിച്ചും ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങള്‍ക്ക് പ്രതിപക്ഷത്തെ ജനം വീണ്ടും പാഠം പഠിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കാട്ടാക്കടയില്‍ ലൈഫ് പദ്ധതി പ്രകാരം വീട് നല്‍കലിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ജനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുത്ത തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ് ഇനിയും പാഠം പഠിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. ഉറപ്പില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിദിനം ഓരോ ആരോപണവുമായി രംഗത്തുവരുന്നത്. പ്രതിപക്ഷ ആരോപണങ്ങളേക്കാള്‍ ജനം വിശ്വസിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളെയാണ്. ആരോപണത്തിനുവേണ്ടി ആരോപണമുന്നയിക്കുന്ന പ്രവൃര്‍ത്തി തന്നെയാണ് ബിജെപിയും ചെയ്യുന്നത്. ആ പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ച പടവലങ്ങ പോലെയാണ്. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനാണ് ജനപിന്തുണയെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കെതിരെയും അഴിമതി ആരോപിച്ച് കേരളത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചരിത്രം ഇവരെ വികസന മുടക്കികള്‍ എന്ന് വിളിക്കും. ഇത്തരം കുല്‍സിത പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി സംസ്ഥാനത്തെ യുവാക്കളോട് വലിയ വഞ്ചനയാണ് ഇവര്‍ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒക്കെ പ്രതിപക്ഷം ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇതുവരെ ഒരു ആരോപണത്തിന് പോലും തെളിവ് ഹാജരാക്കാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ആരോപണ മഴ തീര്‍ത്ത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തകര്‍ന്നടിഞ്ഞു . ആ അനുഭവം തന്നെയാണ് വരുംകാലത്തും പ്രതിപക്ഷത്തെ കാത്തിരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മികച്ച സ്‌കൂളുകളും ഗതാഗത സൗകര്യങ്ങളും കേരളത്തില്‍ കുറവായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായ മാറ്റങ്ങള്‍ ജനങ്ങള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞവര്‍ ആണ്. അതിന്റെ പ്രതിഫലനമാണ് എല്‍ ഡി എഫ് നേടിയ വമ്പിച്ച ഭൂരിപക്ഷം. ഇനിയും തുടര്‍ഭരണം ഉണ്ടാകും എന്ന ഭയമാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള മനോവികാരമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here