സുരേന്ദ്രന് മുഹമ്മദ്‌ റിയാസിനോട് അസൂയ കലർന്ന വിദ്വേഷം: മന്ത്രി വി. ശിവൻകുട്ടി

മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഓർക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നത് സുരേന്ദ്രന് പോലും ഓർമ്മ കാണില്ല. എല്ലാ തെരഞ്ഞെടുപ്പിലും സുരേന്ദ്രൻ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ജനങ്ങൾ തിരസ്കരിച്ച വ്യക്തിയാണ് കെ സുരേന്ദ്രൻ. അതുകൊണ്ടുതന്നെ കെ സുരേന്ദ്രന് മുഹമ്മദ് റിയാസിനോടുള്ളത് അസൂയ കലർന്ന വിദ്വേഷമാണ് ഉള്ളത് എന്നാണ് കരുതുന്നത്.മുഹമ്മദ് റിയാസിന് കെ സുരേന്ദ്രന്റെ സർട്ടിഫിക്കറ്റ് വേണ്ട. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് മുഹമ്മദ്‌ റിയാസ്.

സുരേന്ദ്രനെയും സുരേന്ദ്രന്റെ പാർട്ടിയെയും കേരളം എന്നേ തള്ളിക്കളഞ്ഞതാണ്. അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിനു മുമ്പ് ജനങ്ങളുടെ വികാരം കെ സുരേന്ദ്രൻ മനസ്സിലാക്കണം. ഇത്തരം പ്രസ്താവനകളുടെയും പ്രവൃത്തികളുടെയും ഫലം കൂടിയാണ് കേരളത്തിൽ ബിജെപിയുടെ താഴേക്കുള്ള വളർച്ച.

വിദ്യാർത്ഥി പ്രസ്ഥാനം മുതൽ പ്രവർത്തിച്ച രാഷ്ട്രീയ പാരമ്പര്യം മുഹമ്മദ് റിയാസിനുണ്ട്. ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരിൽ ജയിലിലും പോയിട്ടുണ്ട്. ഇത്തരത്തിൽ ജനങ്ങൾക്ക് വേണ്ടി ഏതെങ്കിലും സമരത്തിൽ പങ്കെടുത്ത പാരമ്പര്യം കെ.സുരേന്ദ്രന് ഉണ്ടോ എന്ന് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. കുത്തിത്തിരിപ്പ് രാഷ്ട്രീയം നിർത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ് ഒരു രാഷ്ട്രീയ പ്രവർത്തകൻ ചെയ്യേണ്ടത്.

പ്രത്യേക ദിവസങ്ങളിൽ മതന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലേക്ക് പോകേണ്ടിവന്നു എന്നത് തന്നെ ബിജെപി എത്രകണ്ട് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. വീട്ടിൽ അതിഥികൾ വന്നാൽ സ്വീകരിച്ചിരുത്തുക എന്നത് കേരളീയരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അങ്ങിനെ ആരെങ്കിലും സ്വീകരിച്ചതിന്റെ പേരിൽ കെ സുരേന്ദ്രനും ബിജെപിയും മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം കണ്ടാൽ നേമം അനുഭവത്തിന്റെ ആവർത്തനം മാത്രമേ സംഭവിക്കൂവെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News