ടേം പരീക്ഷകൾക്ക് ചോദ്യ പേപ്പർ തയ്യാറാക്കുന്ന പ്രക്രിയയും മറ്റും ആധുനിക സാങ്കേതിക വിദ്യാ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ചിട്ടപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യങ്ങളുടെയെല്ലാം പ്രായോഗികത തീർച്ചയായും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന
ക്രൂരതയാണ്. ഈ ക്രൂരത ചെയ്യുന്നവരെ തീർച്ചയായും നിയമത്തിന് മുമ്പിൽ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമിക ധാർമ്മികത പുലർത്താത്തവരെ സമൂഹം തന്നെ തിരിച്ചറിഞ്ഞ് ജനമധ്യത്തിൽ കൊണ്ടുവരണം. എല്ലാ കാലത്തും പൊതു വിദ്യാഭ്യാസരംഗത്തെ താങ്ങി നിർത്തിയതും പുഷ്ടിപ്പെടുത്തിയതും പൊതുസമൂഹമാണ്. ഈ കാര്യത്തിലും അത് അത്യാവശ്യമാണ്.കെ.ഇ.ആർ. അദ്ധ്യായം 8 ൽ റൂൾ 11 പ്രകാരം, ആന്തരികമായ എഴുത്തുപരീക്ഷകൾ നടത്തി, കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്ന ഉത്തരവാദിത്വം അതത് സ്‌കൂൾ പ്രധാനാധ്യാപകരിൽ നിക്ഷിപ്തമാണ്. ഇത് പ്രകാരം സ്‌കൂൾ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നത്.
ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ സ്വകാര്യ ഏജൻസികൾ ഈ രംഗത്ത് വലിയ തോതിൽ കടന്നുവരികയും അവരുടെ നേതൃത്വത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി വിതരണം ചെയ്യുന്ന തരത്തിലേക്ക് എത്തുകയും ചെയ്തു. ഇത് കച്ചവട രൂപത്തിലേക്ക് മാറി. ഈ പ്രവർത്തനം ഒട്ടേറെ ആക്ഷേപങ്ങൾക്ക്
ഇടയാക്കി. ഈ ഘട്ടത്തിൽതന്നെ അധ്യാപക സംഘടനകളും ചോദ്യപേപ്പർ നിർമാണവും അതിന്റെ വിൽപനയും നടത്തിയിരുന്നു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ് – തൊണ്ണൂറ്റിയേഴുകളോടെ പല സബ് ജില്ലകളിലും എ.ഇ.ഒ. മാരുടെ നേതൃത്വത്തിൽ സബ് ജില്ലാടിസ്ഥാനത്തിൽ അധ്യാപകരെ
പങ്കെടുപ്പിച്ച് ചോദ്യപേപ്പർ നിർമിച്ച് വിതരണം ചെയ്യുന്ന സംവിധാനം നിലവിൽ വന്നു.
ഈ ഘട്ടത്തിലെല്ലാം കുട്ടികളിൽ നിന്നാണ് ചോദ്യപേപ്പർ നിർമാണത്തിന് ആവശ്യമായ
തുക ശേഖരിച്ചിരുന്നത്.രണ്ടായിരത്തി ഏഴ് കഴിഞ്ഞാണ് കേന്ദ്രീകരിച്ച ചോദ്യ നിർമാണത്തിലേക്ക് കടന്നത്.
also read: സ്കൂൾ കലോത്സവം; 25 വേദികൾ, വേദികൾക്ക് നദികളുടെ പേര്, പ്രധാന വേദി സെൻട്രൽ സ്റ്റേഡിയം: മന്ത്രി വി ശിവൻകുട്ടി
ഈ ഘട്ടത്തിലും ജില്ലാടിസ്ഥാനത്തിലാണ് ചോദ്യ നിർമാണം ഉണ്ടായിരുന്നത്. രണ്ടായിരത്തി എട്ട് – ഒമ്പതിൽ വിദ്യാഭ്യാസ അവകാശ നിയമം വരുന്ന പശ്ചാത്തലം ഒരുങ്ങിയതോടു കൂടി മൂല്യനിർണയം കുറേക്കൂടി ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായും കുട്ടികളിൽ നിന്ന് പണം പിരിക്കാതെ സൗജന്യമായി നൽകേണ്ടതിനാലും സർവ്വശിക്ഷാ അഭിയാനെ (എസ്.എസ്.എ) ഉപയോഗപ്പെടുത്തി കൊണ്ട് കേന്ദ്രീകൃതമായ ചോദ്യനിർമാണവും വിതരണവും ആരംഭിച്ചു. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ട്. സംവിധാനം നവീകരിക്കുന്ന പരിശോധനകളുമായി ഗവൺമെന്റ് മുന്നോട്ടു പോകും. പരീക്ഷകൾ സമൂഹം കൂടി ശ്രദ്ധിക്കുന്ന ഒന്നാണ്. അതിനാലാണ് ഇക്കാര്യം പരിഗണിക്കുന്നത്. പരീക്ഷകളുടെ സ്വഭാവവും രഹസ്യാത്മകതയും ഗുണനിലവാരവും നിലനിർത്തി എങ്ങനെ മുന്നോട്ടു പോകാമെന്ന് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here