മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക്  സീറ്റ് കുറവെന്ന ആരോപണം അവാസ്തവം: മന്ത്രി വി ശിവൻകുട്ടി

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക്  സീറ്റ് കുറവെന്ന ആരോപണം അവാസ്തവമെന്ന് മന്ത്രി വി ശിവൻകുട്ടി. 2024 – 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനവ്, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സ്കൂളുകളിലും 20% മാർജിനിൽ സീറ്റ് വർദ്ധനവ് ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10% കൂടി മാർജിനിൽ സീറ്റ് വർദ്ധനവ്, കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്നു ജില്ലകളിൽ എല്ലാ സർക്കാർ,എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ്, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20% മാർജിനിൽ സീറ്റ് വർദ്ധനവ് എന്നിവ അനുവദിച്ചു.

2022 – 23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും കൂടിച്ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്. മാർജിനിൽ സീറ്റ് വർദ്ധനവിലൂടെ  ആകെ 61,759 സീറ്റുകളും 178 താൽക്കാലിക ബാച്ചുകളിലൂടെ 11,965 സീറ്റുകളും അടക്കം മൊത്തം 73,724 സീറ്റുകൾ അധികമായി ലഭ്യമാകും. ഹയർസെക്കൻഡറി മേഖലയിൽ 4,33,231 സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിൽ  33,030 സീറ്റുകളും അടക്കം 4,66,261 സീറ്റുകളും ലഭ്യമാണ്. ഐടിഐ മേഖലയിൽ  61,429 ഉം പോളിടെക്നിക് മേഖലയിൽ 9,990 ഉം അടക്കം എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന്  ആകെ 5,37,680 സീറ്റുകൾ ലഭ്യമാണ്. എസ്എസ്എൽസി പരീക്ഷയ്ക്ക് ശേഷം  ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 4,25,563 ആണ്.

Also Read: ‘മഹാത്മാഗാന്ധിക്ക് വരെ തെറ്റ് പറ്റിയിട്ടുണ്ട്’; ലൈംഗിക അധിക്ഷേപത്തിൽ കെഎസ് ഹരിഹരനെ ന്യായികരിച്ച് ആർഎംപി നേതാക്കൾ

മലപ്പുറം ജില്ലയിൽ ആകെ 79,730 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മലപ്പുറം ജില്ലയിലാകെ 70,976 ഹയർസെക്കൻഡറി സീറ്റുകൾ ഉപരിപഠനത്തിന് ലഭ്യമാണ്. ഇതിൽ സർക്കാർ സ്കൂളുകളിലെ 33,925 സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ 25,765 സീറ്റുകളും അൺ എയ്ഡഡ് സ്കൂളുകളിലെ 11,286 സീറ്റുകളും ഉൾപ്പെടുന്നു. ഇത് കൂടാതെ  വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖല , ഐ ടി ഐ, പോളിടെക്നിക് തുടങ്ങിയ മേഖലകളിൽ 9214 സീറ്റുകൾ ലഭ്യമാണ്. അങ്ങിനെ കൂട്ടുമ്പോൾ ആകെ. 80190 സീറ്റുകൾ മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യരായവർക്ക് ലഭ്യമാണ്.

1990 ലാണ് കോളേജുകളിൽ നിന്ന് പ്രീഡിഗ്രി ഡീലിങ്ക് ചെയ്ത് പ്ലസ്ടു എന്ന പേരിൽ സ്കൂൾ പഠനത്തിൻ്റെ ഭാഗമായുള്ള പുതിയ സമ്പ്രദായത്തിന് തുടക്കമിട്ടത്. അന്ന് മുതൽ 2023 വരെയായി യുഡിഎഫും എൽഡിഎഫും മാറി മാറി കേരളത്തിൽ അധികാരത്തിൽ വന്നു. എൽഡിഎഫ് ഭരിച്ച 18 വർഷ കാലയളവിൽ (1990-91, 1996-2001, 2006-2011, 2016-2023) 671 പ്ലസ്ടു ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത്. യുഡിഎഫ് ഭരിച്ച 15 വർഷങ്ങളിൽ (1991-96, 2001-2006, 2011-2016) മലപ്പുറത്തിന് നൽകിയത് 449 പ്ലസ്ടു ബാച്ചുകളാണ്. മലപ്പുറം ജില്ലയിൽ ഇന്ന് നിലവിലുള്ള 85% അൺ എയ്ഡഡ് പ്ലസ്ടു ബാച്ചുകളും അനുവദിച്ചത് യുഡിഎഫ് ഭരണ കാലത്താണെന്ന് അതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പരിശോധിച്ചാൽ ബോദ്ധ്യമാകും.

മലപ്പുറം ഉൾപ്പടെ മലബാർ മേഖലയിൽ മാത്രമായി എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010-ൽ 179 പുതിയ ഹയർസെക്കൻ്റെറി സ്കൂളുകളാണ് തുടങ്ങിയത്. അന്നാണ് പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ മാറാക്കര എയ്ഡഡ് ഹൈസ്കൂൾ പ്ലസ്ടു പഠനം സാദ്ധ്യമായ ഹയർസെക്കൻ്ററി സ്കൂളായി മാറിയത്. ആവശ്യമായ പരിശോധന നടത്തി മലബാറിൽ മാത്രം ഹയർസെക്കൻ്ററി സ്കൂൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് അടക്കമുള്ള സംഘടനകൾ വി.എസ് സർക്കാരിനെതിരെയും മന്ത്രി ബേബിക്കെതിരെയും വിമർശനം ഉന്നയിച്ചത് ആരും മറക്കരുത്. 179 പുതിയ ഹയർ സെക്കൻ്ററി സ്കൂളുകൾ ഗവൺമെൻ്റ്-എയ്ഡഡ് മേഖലകളിൽ മലപ്പുറമടക്കമുള്ള വടക്കൻ ജില്ലകളിൽ വന്നതോടെയാണ് മലബാറും തിരുകൊച്ചിയും തമ്മിലുള്ള ഹയർ സെക്കൻ്ററി പഠനത്തിലെ അസന്തുലിതാവസ്ഥക്ക് ഏതാണ്ടൊരു പരിഹാരമായത്.

Also Read: മാധ്യമ പ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു

എന്നാൽ 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ 2014-15, 2015-16 അധ്യയന വർഷങ്ങളിൽ കൃത്യമായ പഠനമോ അന്വേഷണമോ നടത്താതെ തെക്കും വടക്കും തോന്നും പ്രകാരം പ്ലസ് ടു ബാച്ചുകൾ അനുവദിച്ചു. അന്ന് അബ്ദുറബ്ബായിരുന്നു വിദ്യാഭ്യാസമന്ത്രി. അതോടെ പ്ലസ്ടു പഠന രംഗത്തെ മലബാർ-തിരുകൊച്ചി മേഖലയിലെ അന്തരം വീണ്ടും വലിയ തോതിൽ ഉയർന്നു. മലപ്പുറം ജില്ലയിലെ പ്ലസ്ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ് കാലത്താണെന്നത് മറക്കരുത്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഓപ്പൺ സ്കൂളിൽ രജിസ്റ്റർ ചെയ്യുന്നതെന്ന് ”വീരസ്യം” പറഞ്ഞ് “സ്കോൾ കേരള”യുടെ സ്റ്റേറ്റ് ഓഫീസ് മലപ്പുറത്തേക്ക് മാറ്റാൻ ശ്രമിച്ചത് 2011-16-ൽ യുഡിഎഫ് കാലത്താണെന്നതും വിമർശകർക്ക് ഓർമ്മ വേണം.

പത്തും ഇരുപതും കുട്ടികളുമായി തെക്കൻ ജില്ലകളിലെ എയ്ഡഡ് മേഖലയിൽ ഇന്ന് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പ്ലസ്ടു ബാച്ചുകളും യുഡിഎഫ് ഭരിച്ച 2011-16 കാലയളവിൽ അനുവദിച്ചവയാണ്. കേരളത്തിൽ പ്ലസ്ടു സ്കൂളുകളും ബാച്ചുകളും അൺ എയ്ഡഡ് സ്കൂളുകളും ബാച്ചുകളും അനുവദിച്ച സർക്കാർ ഉത്തരവുകളിലൂടെ കണ്ണോടിച്ചാൽ ആർക്കും നിജസ്ഥിതി ബോദ്ധ്യമാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News