മാറ്റത്തെ ആര്‍ക്കാണ് പേടി; കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ തീരുമാനിച്ചത് എല്ലാ വിദ്യാർത്ഥികളുടെയും ഗുണനിലവാരം ഉയര്‍ത്താൻ: മന്ത്രി വി ശിവൻകുട്ടി

v sivankutty

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ വിദ്യാർത്ഥികളുടെയും ഗുണനിലവാരം ഉയര്‍ത്താനാണ് എന്ന് മന്ത്രി വി ശിവൻകുട്ടി. പഴയ പാഠ്യപദ്ധതിയിലൂടെ കടന്നു പോയ എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ഗണിത,ഭാഷാ ശേഷികള്‍ ലഭിച്ചിരുന്നില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ മലയാളത്തിളക്കവും ഗണിതവിജയവുമെല്ലാം നടപ്പിലാക്കിയത് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി .

രണ്ടാം പിണറായി സര്‍ക്കാര്‍ സമഗ്രമായ പരിഷ്കരണത്തിന് തയ്യാറായി. പാഠപുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമായ അക്ഷരമാല തിരികെ കൊണ്ടുവന്നു. എല്ലാ കുട്ടികള്‍ക്കും അക്ഷരബോധ്യം ഉണ്ടാകുന്നതിന് സഹായകമായ വിധത്തില്‍ പാഠങ്ങള്‍ തയ്യാറാക്കി. ഓരോ അക്ഷരത്തിന്റെയും എഴുത്തുരീതി, ഉച്ചാരണം എന്നിവ എല്ലാ കുട്ടികള്‍ക്കും മനസ്സിലാകും വിധം പഠിപ്പിക്കുന്നതിന് തീരുമാനിച്ചു. എല്ലാ കുട്ടികളെയും ഓരോ അക്ഷരത്തിലും പരിഗണിക്കുമ്പോള്‍ സമയം കൂടുതല്‍ വേണ്ടിവരും. അത് ഒരു കുഴപ്പമായി കാണേണ്ടതില്ല എന്നും മന്ത്രി വ്യക്തമാക്കി.

മുന്‍ പാഠപുസ്തകത്തിലെ അപാകത പരിഹരിക്കാന്‍ തീരുമാനിച്ചു. ചെറിയ ഒരു സംഘം വിദഗ്ധര്‍ തയ്യാറാക്കുന്നതാണ് പാഠപുസ്തകം.വ്യാപകമായി അത് പ്രയോഗിക്കുമ്പോഴാണ് പ്രശ്നങ്ങളും സാധ്യതകളും കൃത്യമായി തിരിച്ചറിയുക. ഓരോ വര്‍ഷവും അധ്യാപകരില്‍ നിന്നും ഫീഡ് ബാക്ക് ശേഖരിച്ച് പുസ്തകം മെച്ചപ്പെടുത്തണമെന്നത് സര്‍ക്കാര്‍ നയമാണ്. നേട്ടങ്ങൾ നിലനിറുത്തി നിരന്തരം മെച്ചപ്പെടുത്തുക ,കൂടുതൽ ഗുണനിലവാരത്തിലേക്ക് മുന്നേറുക എന്നതാണ് നയം എന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘മാലാഖ മുഖത്തിന് പകരം ചെകുത്താൻ ആയി കേന്ദ്രസർക്കാർ അവതരിക്കുന്നു, മൗനം അപകടകരം’: മന്ത്രി കെ രാജൻ

ഒന്നാം ടേം പരീക്ഷ കഴിഞ്ഞപ്പോള്‍ ഒരു വിമര്‍ശനവുമുണ്ടായില്ല. അതായത് ആ ടേമില്‍ കുട്ടികള്‍ക്ക് നേട്ടമുണ്ടായി. ഉള്ളടക്കവും വിനിമയ ദിനങ്ങളും പരമാവധി പൊരുത്തപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.ഓരോ വർഷവും പാഠപുസ്തകം അച്ചടിക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ വർഷവും മെച്ചപ്പെടുത്തൽ നടത്തണം. അതിനർഥം പൊളിച്ചു പണിയുകയാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട എന്നും അദ്ദേഹം കുറിച്ചു.

പാഠപുസ്തകം മെച്ചപ്പെടുത്തുന്നതിന് എതിരായി നിൽക്കുന്നവർ വേണ്ടത്ര കാര്യങ്ങൾമനസ്സിലാക്കാത്തവരാണ്. ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല എന്ന് ഉറപ്പിച്ചു പറയുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here