ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയെ അപമാനിച്ചത്. എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങള്‍’ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. നടൻ ആസിഫ് അലിക്ക് ഐക്യദാർഢ്യം അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളും, സിനിമാ പ്രവർത്തകരുമെല്ലാം ആസിഫ് അലിക്ക് അനുകൂലമായി രംഗത്തുവന്നു. ഇപ്പോൾ ആസിഫ് അലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.
“ആ വേദിയിൽ നിങ്ങളെ ചെറുതാക്കാൻ ശ്രമിച്ചപ്പോൾ രമേശ് നാരായണൻ കടുകുമണിയോളം ചെറുതായിപ്പോയിരിക്കുന്നു. കേരളമൊന്നാകെ നിങ്ങളെ ചേർത്തു നിർത്തുമ്പോൾ നിങ്ങൾ കടലോളം വലുതായിരിക്കുന്നു…” എന്നാണ് വി വസീഫ് ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് താഴെ ധാരാളമാളുകൾ കമന്റുകളിലൂടെ ആസിഫിന് പിന്തുണയറിയിച്ചിട്ടുണ്ട്. നടനും, അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ധിഖും ആസിഫ് അലിയോടുള്ള ഐക്യദാർഢ്യം ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം എന്നാണ് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here