നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി വി വസീഫ്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ലീഗിന്റെ പണവും അധികാരവും ഉപയോഗിച്ചുള്ള അരും കൊലയ്ക്ക് എതിരെയുള്ള വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ രക്ഷിക്കാന്‍ ലീഗ് പണവും സ്വാധീനം ഉപയോഗിച്ചു. ലീഗ് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും വസീഫ് പറഞ്ഞു.
കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷിബിന്റെ അച്ഛന്‍ ഭാസ്‌കരന്‍ രംഗത്തെത്തിയിരുന്നു. 9 വര്‍ഷമായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും മനസമാധാനം നല്‍കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പ്രതി ഇപ്പോഴും മുസ്ലിം ലീഗ് സംരക്ഷണത്തിലാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. തെളിവുകള്‍ വിചാരണ കോടതി തിരസ്‌കരിച്ചു. അന്നത്തെ വടകര റൂറല്‍ എസ് പി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കുറ്റപത്രം സമര്‍പ്പിക്കാന്‍ പണം അനുവദിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനാണ് സഹായിച്ചത്. ഒന്നാംപ്രതി ഒളിവില്‍ കഴിയുന്നത് ലീഗിന്റെ സംരക്ഷണയിലാണ്. ലീഗാണ് പ്രതികള്‍ക്ക് വിദേശത്ത് ജോലി തരപ്പെടുത്തി കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിധി ആശ്വാസം നല്‍കുന്നുവെന്നും മകന് നീതി ലഭിച്ചുവെന്നും അമ്മ അനിതയും പറഞ്ഞു. ഒന്നാം പ്രതിയെ കൂടെ പിടികൂടി നിയമത്തിന് മുന്‍പില്‍ എത്തിക്കണമെന്നും ഷിബിന്റെ അമ്മ അനിത പറഞ്ഞു.
കേസില്‍ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരമായി നല്‍കണം.
പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന 6 പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പോലീസ് 6 പേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പാസ്പോര്‍ട്ട് തിരികെ കിട്ടത്താതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു.ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതില്‍ നിയമ തടസ്സങ്ങളില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here