വീരപ്പന്‍ വേട്ടയുടെ മറവില്‍ ഉദ്യോഗസ്ഥരാല്‍ നിഷ്കരുണം വേട്ടയാടപ്പെട്ട വാച്ചാത്തിയിലെ മനുഷ്യര്‍ മദ്രാസ് ഹൈക്കോടതി വിധി ആഘോഷിക്കുകയാണ്. സിപിഐഎം എന്ന പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പദയാത്രകള്‍ നടത്തിയും പാട്ടുപാടിയും നൃത്തം ചവിട്ടിയുമാണ് അവരുടെ ആഘോഷം. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന വാച്ചാത്തിയിലെ സകലരും പങ്കെടുത്താണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.
തമിഴ്‌നാട്ടിലെ ധർമപുരിയിൽ സിത്തേരി മലയുടെ മടിത്തട്ടിലുള്ള വാച്ചാത്തി ഗ്രാമത്തിൽ 1992 ജൂൺ 20നുണ്ടായ ഹീനകൃത്യം ലോകമറിയാതെ പോകുമായിരുന്നു. വീരപ്പൻവേട്ടയുടെ മറവിൽ ഉദ്യോഗസ്ഥർ ഗ്രാമത്തിലെ ആദിവാസിസ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌തു. ഗ്രാമമാകെ നശിപ്പിച്ചു. ആ സംഭവത്തിൽ 269 സർക്കാർ ഉദ്യോഗസ്ഥരുടെ ശിക്ഷ 31 വർഷത്തിനുശേഷം മദ്രാസ് ഹൈക്കോടതി ശരിവച്ചു. സിപിഐ എമ്മും അഖിലേന്ത്യ കിസാൻസഭയുടെ ഭാഗമായ തമിഴ്‌നാട് ട്രൈബൽ അസോസിയേഷനും (ടിഎൻടിഎ) അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും നടത്തിയ ധീരവും ദീർഘവുമായ പോരാട്ടമാണ് വിജയത്തിലെത്തിയത്.
വനം, റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ തേർവാഴ്‌ചയെത്തുടർന്ന് ഗ്രാമവാസികൾ മിക്കവരും ഭയന്ന് വനത്തിലൊളിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായ ഗർഭിണികൾ അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കി സേലം ജയിലിൽ അടച്ചു. ആളൊഴിഞ്ഞ ഗ്രാമത്തിൽ ആദ്യമായി എത്തിയത് ടിഎൻടിഎ നേതാക്കളായ തുംബൽ കൃഷ്‌ണമൂർത്തി, ബാഷ ജോൺ തുടങ്ങിയവരാണ്. നേതാക്കൾ ഗ്രാമവാസികൾക്ക് ധൈര്യം പകർന്ന് കൂട്ടുക്കൊണ്ടുപോയി ജില്ലാ കലക്ടറെ കണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. പിറ്റേന്ന് ടിഎൻടിഎ ജനറൽ സെക്രട്ടറി പി ഷൺമുഖവും അന്നത്തെ എംഎൽഎ അണ്ണാമലൈയും (സിപിഐ എം) ജയിലിലെത്തി സ്‌ത്രീകളെ കണ്ടു. തുടർന്ന് സിപിഐ എം മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. ഉന്നത സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥർ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്ന് നിരീക്ഷിച്ച് അന്നത്തെ വനിതാ ജഡ്‌ജി പത്മിനി ഹർജി തള്ളി.
തുടർച്ചയായ നിയമപോരാട്ടശേഷം അന്വേഷണം സിബിഐക്ക് കൈമാറി. അന്വേഷണം അട്ടിമറിക്കാൻ എഐഎഡിഎംകെ മന്ത്രി കെ എ സെങ്കോട്ടയൻ ഹരൂരിൽ തമ്പടിച്ചു. സിപിഐ എം നേതാവ് എ നല്ലശിവൻ രാജ്യസഭയിൽ വിഷയം അവതരിപ്പിച്ചതോടെ വാച്ചാത്തി ദേശീയ ശ്രദ്ധ നേടി. മഹിളാ അസോസിയേഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ ആദിവാസിക്ഷേമ ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും കേസിൽ നിർണായകമായി. സിപിഐ എമ്മിന്റെ നിർദേശപ്രകാരം എൻ ജി ആർ പ്രസാദ്, ആർ വൈഗ എന്നിവരടങ്ങുന്ന അഭിഭാഷക സംഘമാണ് കേസ് നടത്തിയത്. ഒടുവിൽ മരിച്ച 52 പേരടക്കം 269 ഉദ്യോഗസ്ഥരുടെയും ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. വിധി സ്വാഗതംചെയ്‌ത് വാച്ചാത്തിയിൽ ശനിയാഴ്‌ച പൊതുസമ്മേളനം ചേർന്നു. സിപിഐ എം കേന്ദ്രകമ്മറ്റി അംഗം പി ഷൺമുഖം, ഡില്ലി ബാബു എന്നിവർ സംസാരിച്ചു.
ALSO READ: ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്തില്ലേ? മുന്നറിയിപ്പുമായി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here