വാളയാറില്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പിഞ്ചുകുട്ടികള്‍ക്ക് നീതിനിഷേധിച്ച് മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള കുടിലനാടകമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിലൂടെ പൊളിഞ്ഞുവീണത്. സ്വന്തം കുഞ്ഞുങ്ങളുടെ പീഡന വിവരം മറച്ചുവെച്ച് നരാധമന്മാര്‍ക്ക് സൗകര്യം ചെയ്തതിനാണ് സിബിഐ മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. കേരള പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് സിബിഐ കണ്ടെത്തല്‍.
കേരളം മറക്കില്ല, മുതലെടുപ്പ് രാഷ്ട്രീയം
ജനക്ഷേമ നടപടികളുമായി അതിവേഗം മുന്നോട്ടുപോകുന്ന ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷ- മഴവില്‍ സഖ്യത്തിന്റെ കുടിലത കേരളത്തിന് മറക്കാനാകില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാക്കാനും പൊതുബോധം ഇടതുപക്ഷത്തിനെതിരെ തിരിക്കാനുമുള്ള തന്ത്രം, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. അമ്മയുടെ തലമുണ്ഡനം ചെയ്യിച്ചുള്ള പ്രതിഷേധം അതിലൊന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിലെ ധര്‍മടത്ത് പെണ്‍കുട്ടികളുടെ അമ്മയെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയതും മറക്കാനാകില്ല. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, സെലക്ടീവ് പരിസ്ഥിതി- മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ചിലര്‍ തുടങ്ങിയവരായിരുന്നു ഇതിന് പിന്നില്‍. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അമ്മയെ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തിക്കാനും ശ്രമമുണ്ടായി. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണം എന്നാവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം. ആ പ്രതിഷേധത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ അണിയറക്കാര്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ടായതിനാല്‍ ഇടയ്ക്കുവെച്ച് അലസിപ്പോകുകയായിരുന്നു.
Read Also: വാളയാര്‍ പീഡനക്കേസ്; മാതാപിതാക്കള്‍ പ്രതികള്‍, ബലാത്സംഗ പ്രേരണ കുറ്റം ചുമത്തി സിബിഐ
അന്ന് തൃത്താലയില്‍ മത്സരിച്ച എംബി രാജേഷിനെതിരെയും ആയുധമാക്കാന്‍ ശ്രമിച്ചിരുന്നു. രാജേഷിന്റെ ഭാര്യാസഹോദരനും സിപിഐഎം നേതാവുമായ നിധിന്‍ കണിച്ചേരിയും പ്രതികളും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചായിരുന്നു നിന്ദ്യമായ നീക്കം. എന്നാല്‍ തൃത്താലയില്‍ അട്ടിമറി വിജയം നേടാന്‍ അദ്ദേഹത്തിനായി ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും അമ്മയെ വെച്ച് മുതലെടുപ്പിന് ശ്രമിച്ചിരുന്നു. കുട്ടികളുടെ അമ്മയെ കൊണ്ട് പ്രചാരണം നടത്തിച്ചു. ഇതൊക്കെയാണ് ഇപ്പോള്‍ ചീട്ടുകൊട്ടാരം കണക്കെ പൊളിഞ്ഞത്.
Read Also: ‘കേസ് അട്ടിമറിക്കാന്‍ ശ്രമം’; സിബിഐക്കെതിരെ വാളയാര്‍ കുട്ടികളുടെ അമ്മ
രാഷ്ട്രീയ മുതലെടുപ്പിന് ഏതറ്റം വരെയും കേരളത്തിലെ യുഡിഎഫും- സെലക്ടീവ് ആക്ടിവിസ്റ്റുകളും പോകുമെന്നാണ് വാളയാര്‍ നല്‍കുന്ന പാഠം. അവിടെ പിഞ്ചുകുഞ്ഞുങ്ങളെന്നോ വയോധികരെന്നോ എന്ന വ്യത്യാസമൊന്നും അവര്‍ക്കില്ല. ഇടതുവിരുദ്ധ മനോഭാവം മാത്രം വെച്ചുപുലര്‍ത്തുന്ന കേരളത്തിലെ മാധ്യമങ്ങള്‍ കൂടെനില്‍ക്കുമെന്നും അതുവഴി പൊതുബോധം സൃഷ്ടിക്കാമെന്നുമുള്ള ആത്മവിശ്വാസമാണ് ഇത്തരം ക്ഷുദ്രശക്തികളുടെ ഇന്ധനം. നോക്കൂ, വാളയാറിലെ ഇന്നത്തെ സംഭവവികാസം പോലും വേണ്ട പ്രാധാന്യത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നില്ല. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ തന്നെ ഇന്ന് പറയുന്നത് അവര്‍ കേസ് അട്ടിമറിക്കുന്നുവെന്നാണ്. ഇടതുവിരുദ്ധ ചേരിയില്‍ പടര്‍ന്ന നിരാശയുടെ ബഹിര്‍സ്ഫുരണമാണ് ഈയൊരു വാദം തന്നെ. വരും നാളുകളില്‍ ആ ഒരു നരേറ്റീവ് ആയിരിക്കും മാധ്യമങ്ങളോടൊപ്പം ചേര്‍ന്ന് പ്രചരിപ്പിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here