‘വല്ല്യേട്ടൻ റീ റിലീസിന് പരസ്യം നൽകാൻ കൈരളിയെ ഇകഴ്ത്തണമോയെന്ന് സംവിധായകനും നിർമാതാക്കളും ചിന്തിക്കണം’: കൈരളി സീനിയർ ഡയറക്ടർ എം വെങ്കിട്ടരാമൻ

VALIETTAN

കൈരളി വല്യേട്ടൻ കാണിച്ചതിനേക്കാൾ കൂടുതൽ തവണ മറ്റു ജനപ്രിയ സിനിമകൾ വിവിധ ചാനലുകൾ കാണിച്ചിട്ടുണ്ട് എന്ന് ചിലരെയൊക്കെ ഓർമ്മിപ്പിക്കേണ്ട ഘട്ടമായിരിക്കുന്നു. “കൈരളി 1900 തവണ വല്യേട്ടൻ സംപ്രേഷണം ചെയ്തു” എന്ന് ആ ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ് പറഞ്ഞതായി ഒരു കാർഡ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണല്ലോ. ഒപ്പം,“ വല്യേട്ടൻ സിനിമ കൈരളിക്ക് കൊടുത്തതല്ല പെട്ടുപോയതാണ്” എന്ന് സിനിമയുടെ നിർമ്മാതാവ് അനിൽ അമ്പലക്കര പറഞ്ഞതും പരക്കുന്നുണ്ട്.ഇതിന്റെ വസ്തുതകൾ കൈരളി ചാനലിന്റെ സീനിയർ ഡയറക്ടർ (ഫിനാൻസ് ആൻഡ് ടെക്നിക്കൽ) എം. വെങ്കിട്ടരാമൻ വ്യക്തമാക്കുകയാണിപ്പോൾ.

‘വല്യേട്ടൻ’ സിനിമ കൈരളിയിൽ; സംപ്രേഷണത്തിനായി പലഘട്ടങ്ങളിലായി നല്‍കിയത് ലക്ഷങ്ങൾ

സിനിമയുടെ സാറ്റലൈറ്റ് അവകാശം കൈരളിയ്ക്കാണ്. ഇതനുസരിച്ച് ഈ ചിത്രം എത്ര തവണ വേണമെങ്കിലും കാണിക്കാനുള്ള അവകാശം കൈരളിക്ക് നിയമപരമായി സിദ്ധിച്ചിട്ടുണ്ട്. വിലകൊടുത്തു വാങ്ങിയ ഒരു ഉല്പന്നം വാങ്ങൽക്കരാർ അനുസരിച്ചും നിയമവിധേയമായും ഒരു ഉപഭോക്താവ് ഉപയോഗിക്കുന്നതിനെതിരേ വില്പന നടത്തിയവർതന്നെ രംഗത്തുവരുന്നത് അപഹാസ്യമാണ്.വല്യേട്ടൻ സിനിമയ്ക്കുമേൽ അമ്പലക്കര ഫിലിംസുമായുള്ള കൈരളി ടി. വി.യുടെ കരാർ നിലവിൽ വരുന്നത് 2000-ൽ ആണ്. “സിനിമ കൊടുത്തതല്ല പെട്ടുപോയതാണ്” എന്ന അനിൽ അമ്പലക്കരയുടെ പരാമർശം തെറ്റാണ്. ഈ സിനിമ 15 വർഷത്തേയ്ക്ക് പ്രദർശിപ്പിക്കാൻ 2000-ൽ അനുവദിച്ചതിന് 15 ലക്ഷം രൂപ നല്കിയിരുന്നു. 2001-ലെ ഓണത്തിന് പ്രദർശിപ്പിച്ചതിന് 15 ലക്ഷം രൂപ അധികമായി കൈപ്പറ്റിയതായി അനിൽതന്നെ പറഞ്ഞിട്ടുണ്ട്. ഇതു കൂടാതെ 2002 ഓണത്തിന് സംപ്രേഷണം ചെയ്യുന്നതിന് 10 ലക്ഷം രൂപയും അധികം നല്കിയിട്ടുണ്ട്. അങ്ങനെ നിർമ്മാതാക്കൾ കൈരളിയിൽനിന്ന് 40 ലക്ഷം രൂപ 2000-2002 കാലത്ത് കൈപ്പറ്റിയിട്ടുണ്ട്. കേരളത്തിൽ അക്കാലത്ത് സിനിമകളുടെ പ്രദർശനാനുമതിക്ക് നിലവിലുള്ള വിപണിനിരക്കിനേക്കാൾ ഉയർന്ന തുകയായിരുന്നു ഇതെല്ലാം.

സഹനിർമ്മാതാവ് ബൈജു അമ്പലക്കരയുടെ പരാമർശം തെറ്റ്

2000-ൽ നടന്ന ഒരു വില്പന പെട്ടുപോകലായിരുന്നു എന്ന് 24 കൊല്ലം ക‍ഴിഞ്ഞു പറയുന്ന അനിൽ അമ്പലക്കരയ്ക്കൊപ്പമിരുന്ന് സഹനിർമ്മാതാവ് ബൈജു അമ്പലക്കര പറഞ്ഞത് ഒന്നു കാത്തിരുന്നെങ്കിൽ 2 കോടി കിട്ടുമായിരുന്നു എന്നാണ്. ഇതും വസ്തുതാവിരുദ്ധമാണ്. കൈരളിയ്ക്കു നല്കിയ 15 വർഷത്തെ ടി വി പ്രദർശനാവകാശം ക‍ഴിയുന്നതോടെ നിർമ്മാതാക്കൾ തുടർ അവകാശം ഒരു വിതരണ കമ്പനിക്കു വിറ്റിരുന്നു. അവരിൽ നിന്ന് 10 ലക്ഷം രൂപ കൊടുത്ത് വീണ്ടും 10 വർഷത്തേയ്ക്ക് കൈരളി പ്രദർശനാവകാശം വാങ്ങുകയായിരുന്നു. ആ കമ്പനിക്ക് 10 ലക്ഷത്തിലും കുറഞ്ഞ തുകയ്ക്കാണ് നിർമ്മാതാക്കൾ അവകാശം വിറ്റത് എന്ന് ഉറപ്പ്. ആ വില്പന നടന്ന 2010-ൽപ്പോലും 10 ലക്ഷത്തിൽ താ‍ഴേയുള്ള തുകയ്ക്കേ വിതരണക്കാർക്ക് അവകാശം വില്ക്കാൻ നിർമ്മാതാക്കൾക്ക് ക‍ഴിഞ്ഞുള്ളൂ എങ്കിൽ ഇപ്പോ‍ഴത്തെ 2 കോടി കണക്ക് വെറും വീരസ്യം പറയലാണ് എന്നു വ്യക്തം.

കൈരളിയിൽ 1880 തവണ ഈ സിനിമ സംപ്രേഷണം ചെയ്തിട്ടുണ്ടോ?

കൈരളി ഈ സിനിമ 1880 തവണ കാണിച്ചു എന്നതാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഇതും വസ്തുതാപരമല്ല. ആദ്യ വർഷങ്ങളിൽ ഈ സിനിമ വിശേഷ ദിവസങ്ങളിൽ മാത്രമേ പ്രദർശിപ്പിച്ചിരുന്നുള്ളൂ. പിന്നീടും, മറ്റു ചാനലുകളിൽ ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കുന്നതിനേക്കാൾ കുറവേ ഈ സിനിമ കൈരളി കാണിച്ചിട്ടുള്ളൂ. ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, മണിച്ചിത്രത്താ‍ഴ്, പഞ്ചാബി ഹൗസ് തുടങ്ങി ഏഷ്യാനെറ്റ് കാണിച്ച ജനപ്രിയസിനിമകൾ ഉദാഹരണം. കൈരളി അമിതമായി വല്യേട്ടൻ കാണിക്കുന്നു എന്നത് കൈരളിയുടെ ശത്രുക്കൾ ട്രോൾ ചെയ്തുണ്ടാക്കിയ പ്രതീതിയാണ്. സാമൂഹ്യമാധ്യമങ്ങളിൽ ചിലർ അവർക്ക് കാ‍ഴ്ചക്കാരെ കിട്ടാൻ വേണ്ടി വിളിച്ചു പറയുന്നതൊക്കെ വസ്തുതയായി എടുത്ത് കൈരളി 1880 തവണ വല്യേട്ടൻ കാണിച്ചു എന്നു നിർമ്മാതാക്കളും 1900 തവണ എന്നു സംവിധായകനും പറയുന്നത് ഖേദകരമാണ്.

വല്യേട്ടൻ റീ റിലീസിനൊരുങ്ങുന്നതിലെ കൈരളിയുടെ പങ്ക്

ഷാജി കൈലാസും അനിൽ അമ്പലക്കരയും ബൈജു അമ്പലക്കരയും സിനിമാരംഗത്തെ നവാഗതരല്ല. വല്യേട്ടൻ റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അവർ. തങ്ങളുടെ സിനിമകളിൽ നിന്ന് റീ റിലീസിംഗിന് തെരഞ്ഞെടുക്കും വിധം വല്യേട്ടന്റെ നിലവാരം നിലനില്ക്കുന്നത് കൈരളിയുടെ പുനഃസംപ്രേഷണങ്ങളിലൂടെയും അതിനായി കൈരളി നല്കിയ പരസ്യങ്ങളിലൂടെയും കൂടിയാണെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും അവർക്ക് ഉണ്ടാകേണ്ടതായിരുന്നു. ടെലിവിഷനുകളിലെ സംപ്രേഷണങ്ങളിലൂടെയും തുടർസംപ്രേഷണങ്ങളിലൂടെയും ചലച്ചിത്രാധിഷ്ഠിതപരിപാടികളിലൂടെയും വീണ്ടും വീണ്ടും കാണുമ്പോൾ കൂടിയാണ് സിനിമകൾ പിന്നെയും പിന്നെയും ജനപ്രിയമാകുന്നത് എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഇവർ മൂന്നു പേരും സാറ്റലൈറ്റ് റൈറ്റുകളുടെ വില്പനയുടെ വിപണിരീതികൾ അറിയാത്തവരുമല്ല. ട്രോളുകാർക്കൊപ്പം നിന്ന് സ്വയം ട്രോൾ കഥാപാത്രങ്ങളാകാൻ അവർ തീരുമാനിച്ചത് വല്യേട്ടൻ സിനിമയുടെ റീ റിലീസിനു പരസ്യം കിട്ടാൻ വേണ്ടിയാകണം. അത് ഒരു ദൃശ്യമാധ്യമത്തെ ഇക‍ഴ്ത്തിക്കൊണ്ടായി എന്നത് അവർക്കു ഭൂഷണമാണോ എന്ന് അവർ ചിന്തിക്കട്ടെ. വിലകുറഞ്ഞ വിവാദമുണ്ടാക്കി റീറിലീസിംഗിനു വാർത്താപ്രാധാന്യമുണ്ടാക്കാനുള്ള ഈ വ‍ഴിവിട്ട നടപടി സിനിമാപ്രവർത്തകരുടെയാകെ നിലവാരവും വിശ്വാസ്യതയും ഇടിച്ചുതാ‍ഴ്ത്തുന്ന ഒന്നായിപ്പോയി എന്നുമാത്രം ചൂണ്ടിക്കാട്ടട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News