‘എഴുത്തിലൂടെ പുരോഗമന പക്ഷത്ത് ഉറച്ചുനില്‍ക്കാന്‍ വല്‍സല ടീച്ചര്‍ക്ക് കഴിഞ്ഞു’- അനുസ്മരിച്ച് എ വിജയരാഘവന്‍

എഴുത്തിലൂടെ പുരോഗമന പക്ഷത്ത് ഉറച്ചുനില്‍ക്കാനും മണ്ണിന്റെ മക്കളുടെ ജീവിത പോരാട്ടത്തിന് കരുത്ത് നല്‍കാനും വല്‍സല ടീച്ചര്‍ക്ക് കഴിഞ്ഞുവെന്ന് അനുസ്മരിച്ച് എ വിജയരാഘവന്‍. മലയാളത്തിലെ അതിഭാവുകത്വങ്ങളില്ലാത്ത എഴുത്തുകാരിയും നാട്യങ്ങളില്ലാത്ത മനുഷ്യ സ്‌നേഹിയും ആയിരുന്ന വല്‍സല ടീച്ചറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി പി വത്സല വിടവാങ്ങി. തിരുനെല്ലിയുടെ കഥാകാരിയായിരുന്നു പി. വത്സല. കൗതുകമായിരുന്നില്ല അവര്‍ക്ക് ആദിവാസി ജീവിതം, നിത്യജീവിതാനുഭവമായിരുന്നു. പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയായിരുന്നു പി വത്സല. അതിലൂടെ ആര്‍ജിച്ച ഇടതുപക്ഷ ബോധം, അവരെ അടിസ്ഥാനവര്‍ഗത്തിന്റെ കഥപറയുന്നതില്‍ സഹായിച്ചു.

READ ALSO:യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസില്‍ അറസ്റ്റിലായവരുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

മലയാളിയുടെ എഴുത്തുലോകം അറുപതുകളില്‍ പലവിധ പര്യവേഷണങ്ങളിലൂടെ ബഹുലോകങ്ങള്‍ കീഴടക്കുമ്പോള്‍ വത്സലടീച്ചര്‍ മണ്ണിലുറച്ചു നിന്നു. ആദിവാസികളെക്കുറിച്ച്, വയനാട്ടിലെ, തിരുനെല്ലിയിലെ മനുഷ്യരെക്കുറിച്ച്, അവരുടെ ജീവിതത്തെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നു. ‘നെല്ല്’ അതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്. പുരോഗമന പ്രസ്ഥാനത്തിന്റെ വേരുകള്‍ പടര്‍ന്ന ഭൂമിയാണ് തിരുനെല്ലി. അവകാശബോധത്തിന്റെ ആ രാഷ്ട്രീയം കൂടി ഉള്‍ക്കൊള്ളുന്നതാണ് ടീച്ചറുടെ രചനകള്‍.

READ ALSO:കേരളത്തില്‍ വികസനങ്ങള്‍ നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ്: മുഖ്യമന്ത്രി

ജീവിതം ടീച്ചര്‍ക്ക് അതിസാധാരണവൃത്തിയായിരുന്നു, എഴുത്തും. എഴുത്തിലൂടെ പുരോഗമന പക്ഷത്ത് ഉറച്ചുനില്‍ക്കാനും മണ്ണിന്റെ മക്കളുടെ ജീവിത പോരാട്ടത്തിന് കരുത്ത് നല്‍കാനും വല്‍സല ടീച്ചര്‍ക്ക് കഴിഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായും ടീച്ചര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. മലയാളത്തിലെ അതിഭാവുകത്വങ്ങളില്ലാത്ത എഴുത്തുകാരിയും നാട്യങ്ങളില്ലാത്ത മനുഷ്യ സ്‌നേഹിയും ആയിരുന്ന വല്‍സല ടീച്ചറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ടീച്ചറുടെ കുടുംബത്തിന്റെയും കേരളത്തിന്റെ ആകെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

എ. വിജയരാഘവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News