ആശങ്കവേണ്ട, സർക്കാർ ഒപ്പമുണ്ട്, പ്രശ്ന പരിഹാരങ്ങൾ ചർച്ച ചെയ്ത് വന സൗഹൃദ സദസ്

വനം വകുപ്പില്‍ നവീകരണം നടപ്പിലാക്കി വരികയാണെന്നും അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 500 ബീറ്റ് ഓഫീസർമാരുടെ നിയമനമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. പി.എസ്.സി വഴി നിയമനം സാധ്യമായിരുന്നെങ്കിലും വനത്തിൽ താമസിക്കുന്ന ആളുകളെ പരിഗണിക്കാൻ കഴിയുമോയെന്ന സാധ്യതയാണ് സർക്കാർ പരിശോധിച്ചത്. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി 500 പേരെ ഇത്തരത്തിൽ നിയമിച്ചെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം സംബന്ധിച്ച കാലതാമസം ഒഴിവാക്കും. നിലവിൽ 2021 വരെയുള്ള നഷ്ടപരിഹാര തുകയും വാച്ചർമാർക്ക് നൽകാനുള്ള ശമ്പള കുടിശ്ശികയും കൊടുത്തു തീർത്തു. പേരാമ്പ്രയിൽ വന സൗഹൃദ സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ നിയമഭേദഗതിയിലൂടെ വനമേഖലയിൽ 1971-ന് മുമ്പ് 50 സെന്റോ അതിൽ താഴെയോ കെെവശംവെച്ച് വരുന്ന ഭൂമി നിക്ഷിപ്ത വനഭൂമിയല്ലാതായി മാറിയെന്ന സന്തോഷ വാർത്തയും മന്ത്രി പങ്കുവെച്ചു. കർഷകർക്ക് ആശ്വാസമായ നിയമ ഭേദഗതിയാണ് സർക്കാർ കൊണ്ടുവന്നത്. ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ ഇനിയും ആവശ്യമാണ്. ചെറിയ വിഷയങ്ങളിൽ പോലും ജനങ്ങളെ വികാരപരമായി ചിന്തിപ്പിച്ച് സർക്കാർ വിരുദ്ധ ക്യാമ്പയിന് ശക്തികൂട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ബഫർസോൺ വിഷയത്തിലും ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിലും ഇതാണ് സംഭവിച്ചത്. വനമേഖലയിൽ താമസിക്കുന്ന ജനങ്ങൾക്കൊപ്പം സർക്കാരുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനും അവരുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിനുമായി ആവിഷ്ക്കരിച്ച കർമ്മ പദ്ധതിയാണ് വന സൗഹൃദ സദസ്സ്. പേരാമ്പ്രയിൽ നടന്ന പരിപാടിയിൽ പേരാമ്പ്ര, ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലുൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. പ്രശ്ന പരിഹാര മാർഗങ്ങളെ കുറിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സി അബ്ദുൾ ലത്തീഫ് മറുപടി പ്രസംഗം നടത്തി.

പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ഹാളിൽ നടന്ന വന സൗഹൃദ സദസിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വന സൗഹൃദ സദസിൽ ഇരുപതോളം പരാതികൾ ലഭിച്ചു. ചടങ്ങിൽ ഭിന്നശേഷി ശാക്തീകരണ പുരസ്കാരം ലഭിച്ച പെരുവണ്ണാമൂഴിയിലെ എം.എ ജോൺസനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വന്യജീവി ആക്രമണത്തിൽ കൃഷി നശിച്ചവർ, പരിക്കേറ്റവർ, മരണപ്പെട്ടവരുടെ ആശ്രിതർ ഉൾപ്പെടെയുള്ള 30 പേർക്കുള്ള നഷ്ടപരിഹാര തുകയായ 18,01,573 രൂപയുടെ ഉത്തരവുകൾ മന്ത്രി വിതരണം ചെയ്തു. കൂടാതെ പെരുവണ്ണാമൂഴി, കുറ്റ്യാടി റെയിഞ്ചിന് കീഴിൽ ഒമ്പത് മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലെെസൻസും ചടങ്ങിൽ വിതരണം ചെയ്തു. കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൾ ലത്തിഫ് റിപ്പോർട്ട് അവതരണം നടത്തി. എം.എൽ.എ മാരായ അഡ്വ കെ. എം സച്ചിൻദേവ്, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ പ്രദീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു. നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപ സ്വാഗതവും കോഴിക്കോട് ടിമ്പർ സെയിൽസ് ഡി.എഫ്.ഒ ഇംതിയാസ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News