ഡോ. വന്ദനാ കൊലപാതകം; സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ ശുപാര്‍ശ

ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജി സന്ദീപിന്റെ മാനസികനില വിലിയിരുത്താന്‍ അഡ്മിറ്റ് ചെയ്തുള്ള വിശദ പരിശോധന ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ പ്രതി സന്ദീപിനെ കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍എംഒ മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ധരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് ബുധനാഴ്ചയാണ് സന്ദീപിനെ പരിശോധിച്ചത്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഓര്‍ത്തോ, ഫിസിഷ്യന്‍, ന്യൂറോ സര്‍ജന്‍ എന്നിവരടങ്ങിയ ഏഴംഗം ബോര്‍ഡാണ് സന്ദീപിന്റെ മാനസികനില വിലയിരുത്തിയത്.

മനോരോഗനിര്‍ണയ പരിശോധനകള്‍ ആവശ്യമാണ്. തലച്ചോറും നാഡിവ്യൂഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തകരാറുണ്ടോയെന്ന് (ഉല്‍ക്കണ്ഠ, ഭയം തുടങ്ങിയ ന്യൂറോ സൈക്കോളജിക്കല്‍ തകരാറുകള്‍) പരിശോധിക്കണം. ഇതെല്ലാം ഒന്നോ രണ്ടോ ദിവസംകൊണ്ട് ചെയ്യാനാകില്ല. മെഡിക്കല്‍ ബോര്‍ഡിന്റെ പൂര്‍ണ നിരീക്ഷണത്തില്‍ അഡ്മിറ്റ് ചെയ്ത് സമയമെടുത്ത് വിലയിരുത്തേണ്ടതാണ്.

സന്ദീപ് ചില വിഭ്രാന്തികള്‍ കാണിച്ചിട്ടുണ്ട്. ഇത് മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭാഗമായ വിത്‌ഡ്രോവല്‍ ലക്ഷണങ്ങളാണോയെന്ന് വിശദമായ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാകൂ. റിപ്പോര്‍ട്ട് അന്വേഷക സംഘത്തിന് ഇന്നലെ ലഭിച്ചു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കോടതി ഉത്തരവ് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

വെള്ളിയാഴ്ച കൊട്ടാരക്കര താലൂക്കാശുപത്രിയിലും വ്യാഴാഴ്ച ജന്മനാടായ ചെറുകരക്കോണത്തും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. മെഡിക്കല്‍ ബോര്‍ഡിനു മുന്നിലും ഹാജരാക്കി. സന്ദീപിനെ അന്വേഷക സംഘം കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ചയാണ് അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ സന്ദീപിനെ വിട്ടത്. കസ്റ്റഡി കാലാവധി അന്വേഷക സംഘം നീട്ടി ചോദിക്കില്ല. അതേസമയം ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News