വാളയാര്‍ ചുരം കടന്നെത്തുന്ന ‘രാഷ്ട്രീയ ട്രെയിന്‍’ യാത്രാവേഗം കൂട്ടുമോ

ദിപിന്‍ മാനന്തവാടി

ഒടുവില്‍ വന്ദേഭാരത് ട്രെയിന്‍ കേരളത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിനായി വന്ദേഭാരത് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വളരെ നാടകീയമായിട്ടാണ് വന്ദേഭാരത് ട്രെയിന്‍ ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്നത്. വന്ദേഭാരത് ട്രെയിന്‍ കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് മന്ത്രി അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചെന്നൈയില്‍ നിന്നും പാലക്കാട് വഴിയായിരുന്നു കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ എത്തിയത്. പല സ്റ്റേഷനുകളിലും കാത്തുനിന്ന ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ട്രെയിനിനെ സ്വീകരിച്ചതോടെ കേരളത്തിലേയ്ക്ക് വന്ന വന്ദേഭാരത് ഒരു രാഷ്ട്രീയട്രെയിന്‍ കൂടിയാണെന്നാണ് വ്യക്തമാകുന്നത്. ഏപ്രില്‍ അവസാനം കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലാണ് വന്ദേഭാരത് സര്‍വ്വീസ് നടത്തുകയെന്നും 8 സ്‌റ്റോപ്പുകള്‍ ഇതിനുണ്ടാകുമെന്നുമാണ് വാര്‍ത്തകള്‍.

സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി, മുന്‍കൂട്ടി പ്രഖ്യാപിക്കാതെ വാളയാര്‍ ചുരം വഴി വന്ദേഭാരത് ട്രെയിന്‍ ചൂളം വിളിച്ചെത്തുന്നത് കീഴ്‌വഴക്കങ്ങളെയെല്ലാം മറികടന്നാണ്. ദീര്‍ഘകാലമായി കേരള സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും കേരളത്തിന്റെ വ്യത്യസ്തങ്ങളായ റെയില്‍ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കാറുണ്ട്. കഞ്ചിക്കോട് റെയില്‍ നിര്‍മ്മാണ ഫാക്ടറിയും നേമം ടെര്‍മിനലും ശബരിപാതയുമെല്ലാം ദീര്‍ഘകാലമായി കേരളത്തിന്റെ സ്വപ്‌നമായി അവശേഷിക്കുകയാണ്. ഇത്തരം ആവശ്യങ്ങളോടെല്ലാം നിരന്തരം മുഖം തിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത് അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ മാറ്റി നിര്‍ത്താതെ നോക്കിക്കാണാനാകില്ല.

കേരളത്തിന്റെ റെയില്‍ യാത്രാ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇതോടെ പരിഹാരമായെന്നും ഇനി വളരെ വേഗത്തില്‍ കേരളത്തിന്റെ തെക്ക് വടക്ക് ട്രെയിനില്‍ സഞ്ചരിക്കാമെന്നുമുള്ള നിലയിലാണ് വന്ദേഭാരത് ട്രെയിന്‍ വരുന്നത് സംബന്ധിച്ച വിവരണങ്ങള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ് സെമി-ഹൈസ്പീഡ് ഗണത്തില്‍പ്പെടുന്ന വന്ദേഭാരത് ട്രെയിനുകള്‍. നിലവിലുള്ള ട്രെയിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീറ്റിംഗിന്റെയും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുടെയും കാര്യത്തില്‍ രാജ്യത്തെ വിഐപി ട്രെയിന്‍കൂടിയാണിത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വന്ദേഭാരതിന്റെ വരവ് കേരളത്തിലെ ആഭ്യന്തര സഞ്ചാരികള്‍ക്ക് ഏതുനിലയില്‍ ഗുണകരമാകും എന്നത് കൂടിയാണ് പരിഗണിക്കപ്പെടേണ്ടത്.

ഈ സാഹചര്യത്തിലാണ് വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് സഹായകരമല്ലെന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ നിരീക്ഷണം പ്രസക്തമാകുന്നത്. കേരളത്തിലെ പാതകളിലൂടെ ട്രെയിനിന് സഞ്ചരിക്കാവുന്ന പരമാവധി വേഗത 100 കിലോമീറ്ററാണ്. പരമാവധി വേഗതയില്‍ നിന്നും 10 കിലോമീറ്റര്‍ വേഗത കുറച്ച് മാത്രമേ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ വന്ദേഭാരത് ട്രെയില്‍ വന്നാലും പരമാവധി 90 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ കേരളത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കുവെന്നാണ് ഇ ശ്രീധരന്‍ ചൂണ്ടിക്കാണിച്ചിരുന്നത്. വന്ദേഭാരത് ട്രെയിന്‍ മറ്റിടങ്ങളില്‍ ഇപ്പോഴോടുന്ന പരമാവധി വേഗത 160 കിലോമീറ്ററാണ്.

അതിനാല്‍ തന്നെ നിലവിലെ ശേഷി വച്ച് വന്ദേഭാരത് ട്രെയിനിന്  കേരളത്തിന്റെ തെക്ക്-വടക്ക് അതിന്റെ പരമാവധി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കില്ലെന്ന് തീര്‍ച്ചയാണ്. 52 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗത ആര്‍ജ്ജിക്കാനുള്ള ശേഷി നിലവില്‍ വന്ദേഭാരത് ട്രെയിനിനുണ്ട്. എന്നാല്‍ കേരളത്തിലെ ട്രാക്കിന്റെ ശേഷിപ്രകാരം 80-90 കിമി സ്പീഡാണ് ആകെ ആര്‍ജ്ജിക്കാന്‍ സാധിക്കുക. അതിനാല്‍ തന്നെ സെമി-ഹൈസ്പീഡ് ട്രെയിനിന്റെ വേഗത അതേ നിലയില്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് തന്നെ വേണം കണക്കാക്കാന്‍. പിന്നീടുള്ളത് വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളാണ്. ആ സൗകര്യങ്ങള്‍ ആസ്വദിച്ച് കേരളത്തിന്റെ തെക്ക്-വടക്ക് സഞ്ചരിക്കാന്‍ എന്തായാലും മലയാളികള്‍ക്ക് സാധിക്കും.

നിലവിലെ സാഹചര്യത്തില്‍ ഏറ്റവും വേഗതയുള്ള ട്രെയിന്‍ എന്ന നിലയില്‍ വന്ദേഭാരതിന് മുന്‍ഗണന കൊടുത്ത് മറ്റു ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടേണ്ടി വരുന്ന സാഹചര്യം മുന്നിലുണ്ട്. നിലവില്‍ ദൈനംദിന യാത്രക്കാര്‍ ധാരാളമായി ആശ്രയിക്കുന്ന ലോക്കല്‍-ഇന്റര്‍സിറ്റി ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കാത്ത നിലയില്‍ വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം അത്യാവശ്യക്കാരായ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന നിലയില്‍ എങ്ങനെ ക്രമീകരിക്കുമെന്നതും നിര്‍ണ്ണായകമാണ്. അതിരാവിലെ പുറപ്പെടുന്ന നിലയില്‍ സമയം ക്രമീകരിച്ചാല്‍ മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് കണ്ണൂരിലെത്തി തിരിച്ച് അന്നുതന്നെ തിരുവനന്തപുരത്തെത്താന്‍ സാധിക്കൂ എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

തിരുവനന്തപുരം-കണ്ണൂര്‍ യാത്രയുടെ അത്രയും തന്നെ ദൈര്‍ഘ്യമുണ്ട് നിലവില്‍ ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് ട്രെയിനിനും. നിലവില്‍ കോയമ്പത്തൂര്‍ ചെന്നൈ ടിക്കറ്റ് നിരക്ക് ചെയര്‍കാറിന് 1215രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2310 രൂപയുമാണ്. ഡൈനാമിക് പ്രൈസിംഗ്/ഫ്‌ളക്‌സി ഫെയര്‍ ഉള്ളതിനാല്‍ ഈ നിരക്കില്‍ പലപ്പോഴും വ്യത്യാസം വരാം. കണ്ണൂര്‍-തിരുവനന്തപുരം റൂട്ടിലും ഈ നിരക്കില്‍ നിന്ന് വലിയ വ്യത്യാസം വരാന്‍ സാധ്യതയില്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ പരിമിതമായ റെയില്‍വെ സൗകര്യങ്ങളില്‍ വന്ദേഭാരത് ട്രെയിന് എന്ത് മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എന്തായാലും വന്ദേഭാരതിന്റെ വരവ് കേരളത്തിന്റെ കെ റെയില്‍ പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ഗൗരവത്തോടെ ഉയരാന്‍ വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ വന്ദേഭാരത് ട്രെയിനിന് പോലും നിശ്ചയിക്കപ്പെട്ട വേഗതയില്‍ സഞ്ചരിക്കാനുള്ള ശേഷി കേരളത്തില്‍ നിലവിലുള്ള ട്രാക്കുകള്‍ക്കില്ല. ഈ യാഥാര്‍ത്ഥ്യം ഇതോടെ പ്രായോഗികമായി ആളുകള്‍ക്ക് ബോധ്യപ്പെടുമെന്നത് തീര്‍ച്ചയാണ്. 530 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 4 മണിക്കൂര്‍ കൊണ്ട് കാസര്‍കോടുനിന്നും തിരുവനന്തപുരത്ത് എത്തുന്ന നിലയിലാണ് കെ റെയിലിനായി പുതിയ പാത വിഭാവനം ചെയ്യപ്പെട്ടിരുന്നത്. എന്തിനാണ് കെ റെയിലിനായി പുതിയപാത പഴയപാത നവീകരിച്ചാല്‍ മതിയല്ലോ എന്ന വിവരണത്തിനെല്ലാം അതിന്റെ പ്രായോഗികതകള്‍ പോലും പരിഗണിക്കാതെയുള്ള പൊതുസ്വീകാര്യത നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ വന്ദേഭാരത് വരുന്നതോടെ സെമി-ഹൈസ്പീഡ് ട്രെയിനിന്റെ സാധ്യത അനുഭവത്തില്‍ തിരിച്ചറിയാന്‍ കൂടി അവസരം ഒരുങ്ങുകയാണ്. അതിന്റെ ന്യൂനതകള്‍ കൂടി പ്രായോഗികമായി ബോധ്യപ്പെടുന്നതോടെ കേരളത്തിന്റെ തെക്ക്‌വടക്ക് 4 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാവുന്ന ഹൈസ്പീഡ് റെയില്‍പ്പാതയുടെ പ്രാധാന്യം ഇപ്പോഴുള്ളതിലും ഗൗരവത്തില്‍ കേരളം ചര്‍ച്ച ചെയ്യുമെന്ന് തീര്‍ച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News