വന്ദേഭാരതിൽ എം പിയുടെ പോസ്റ്റർ പതിച്ച കേസ്; അഞ്ച് പേർക്ക് 1000 രൂപ വീതം പിഴ

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എം പി യുടെ പോസ്റ്റർ പതിച്ച കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ അഞ്ച് പേർക്ക് 1000 രൂപ വീതം പിഴ ഈടാക്കി. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി എം ഹനീഫ (44), നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ (19), കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോർകുമാർ (34) എന്നിവരെ പോസ്റ്റർ പതിച്ച കേസിൽ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു. റെയിൽവേ സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതികളെ റെയിൽവേ കോടതിയാണ് ജാമ്യത്തിൽ വിട്ടത്.

പിഴ ഈടാക്കുന്നത് കൂടാതെ കോടതി പിരിയും വരെ പ്രതികളായ അഞ്ചുപേരെയും കോടതിയിൽ നിർത്തുകയും ചെയ്തു.സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കേസിലെ പ്രതികളെ ആർപിഎഫ് കണ്ടെത്തിയത്. ആർപിഎഫ് ആക്ടിലെ 145സി( യാത്രക്കാരെ ശല്യപ്പെടുത്തുക), 166 ( ട്രെയിനിൽ പോസ്റ്റർ ഒട്ടിക്കുക), റെയിൽവേസ്ഥലത്ത് അതിക്രമിച്ച് കയറുക, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ വേളയിലാണ് വി കെ ശ്രീകണ്ഠൻ എം പിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രെയിനിൽ ഒട്ടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. പോസ്റ്റർ പതിച്ചത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ബിജെപി സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും എം പി പറഞ്ഞിരുന്നു. ട്രെയിൻ സ്റ്റേഷൻ വിടുന്നതിന് മുൻപ് ആർപിഎഫ് പോസ്റ്ററുകൾ നീക്കം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News