ഓലഞ്ഞാലിക്കുരുവീ…വാണി ജയറാം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരാണ്ട്

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. മനോഹരമായ ഗാനങ്ങളിലൂടെ എണ്‍പതുകളില്‍ ജനഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിയ സംഗീത മഴയായ വാണി ജയറാമിന്റെ വിയോഗം സംഗീതലോകത്തിന് തീരാ നഷ്ടമാണ്.
ഞെട്ടലോടെയാണ് ആ വിയോഗവാര്‍ത്ത സംഗീതപ്രേമികളെ തേടിയെത്തിയത്.

പത്തൊന്‍പത് ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. സലില്‍ ചൗധരിയുടെ സംഗീത സംവിധാനത്തില്‍ ‘സ്വപ്നം’ എന്ന ചിത്രത്തിലെ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു…’ എന്ന ഗാനവുമായാണ് മലയാള ചലച്ചിത്ര പിന്നണി ഗാനലോകത്തേക്ക് വാണി ജയറാം ചുവടു വെക്കുന്നത്. പിന്നീട് മലയാളത്തിന്റെ വസന്തവും ഗ്രീഷ്മവും ശിശിരവുമെല്ലാം സംഗീത സാന്ദ്രമായി.

Also Read: ചിലിയിൽ കാട്ടുതീ; ഇരുന്നൂറിലേറെ പേരെ കാണാനില്ല, 46 പേർ മരിച്ചതായി റിപ്പോർട്ടുകൾ

ആഷാഢമാസം ആത്മാവില്‍ മോഹം, ഏതോ ജന്മ കല്‍പ്പനയില്‍, സീമന്ത രേഖയില്‍, നാദാപുരം പള്ളിയിലെ, തിരുവോണപ്പുലരിതന്‍, പകല്‍ സ്വപ്നത്തിന്‍ പവനുരുക്കും, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…അങ്ങനെ മലയാളികള്‍ ഹൃദയത്തിലേറ്റിയ നൂറുകണക്കിന് ഹിറ്റുകള്‍.
2014ല്‍ ഒരു നീണ്ട ഇടവേളക്ക് ശേഷം ‘1983’ എന്ന ചിത്രത്തില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ പി. ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലി കുരുവീ…’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വന്നത്. പിന്നീട് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയ്ക്കു വേണ്ട് പാടിയ ‘പൂക്കള്‍ പനിനീര്‍ പൂക്കള്‍’ എന്നു തുടങ്ങുന്ന ഗാനവും പുതിയ കാലത്തെ ഹിറഅറുകളില്‍ മറ്റൊന്നായി. മലയാളത്തില്‍ അവസാനമായി പാടിയത് പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ.. എന്ന ഗാനമാണ്.

1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെയാണ് വാണിജയറാം പ്രശസ്തയായത്. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങള്‍ പാടിയ അവര്‍ ആശാ ഭോസ്ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തില്‍ ഡ്യുയറ്റ് പാടി. മദന്‍ മോഹന്‍, ഒ.പി. നയ്യാര്‍, ആര്‍.ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവര്‍ 1974-ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ പാടിയ അവര്‍ എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍ എന്നിവരുടെയൊക്കെ പാട്ടുകള്‍ക്ക് ശബ്ദം നല്‍കി.

Also Read: ചംപൈ സോറന്‍ സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടും

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇത്തവണ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സന്തോഷവും ദുഖവും തോന്നുന്ന നിമിഷം എന്നായിരുന്നു പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിനു ശേഷം വാണി ജയറാമിന്റെ പ്രതികരണം.

അഞ്ചു പതിറ്റാണ്ടു കാലം പഴയതലമുറയും പുതിയ തലമുറയും ഒരുപോലെ വാണി ജയറാമിന്റെ കുയില്‍നാദം ആസ്വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News