മനുഷ്യ-വന്യജീവി സംഘര്‍ഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കര്‍മ്മ പദ്ധതി

hackathon

മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇതിന്റെ ഫലമായി ഒരുപരിധിവരെ മനുഷ്യ – വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രതിരോധ – ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് നടന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ സംബന്ധിച്ച സമഗ്ര പഠനം നടത്തി 273 പഞ്ചായത്തുകള്‍ സംഘര്‍ഷമേഖലകളായും ഇതില്‍ 30 പഞ്ചായത്തുകള്‍ അതിതീവ്ര സംഘര്‍ഷ മേഖലകളായും കണ്ടെത്തി. ഈ 273 ഹോട്ട്‌സ്പോട്ടുകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധ-ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ മാസ്റ്റര്‍ പ്ലാനുകളാകും തയ്യാറാക്കുക. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതലായിട്ടുള്ള പ്രദേശങ്ങളെ 12 ലാന്‍ഡ്സ്‌കേപ്പുകളായി തിരിച്ചിട്ടുണ്ട്.ലാന്‍ഡ്സ്‌കേപ്പ്തല മാസ്റ്റര്‍ പ്ലാനുകള്‍ ക്രോഡീകരിച്ച് സംസ്ഥാനതല കര്‍മപദ്ധതിയും തയ്യാറാക്കും.

സംസ്ഥാനതല കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സേഫ്-ഹാബിറ്റാറ്റ് ഹാക്ക് (ഹാക്കത്തോണ്‍) സംഘടിപ്പിക്കുന്നു. മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനത്തിനും നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഹാക്കത്തോണ്‍. കെ – ഡിസ്‌കുമായി സഹകരിച്ചാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. വിവിധ സ്റ്റാര്‍ട്ട്-അപ്പുകള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഇന്നവേറ്റര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഗവേഷകര്‍, ഹാബിറ്റാറ്റ് പരിപാലന മേഖലയിലെ വിദഗ്ദ്ധര്‍ എന്നിവര്‍ ഹാക്കത്തോണില്‍ പങ്കാളികളാകാം.

സൗരോര്‍ജ വേലികള്‍, മതിലുകള്‍ തുടങ്ങിയവയുടെ കാര്യക്ഷമതയിലെ അപര്യാപ്തത, തത്സമയ നിരീക്ഷണത്തിനുള്ള നൂതന ഉപകരണങ്ങളുടെ കുറവ്, അവ വനമേഖലയില്‍ സ്ഥിരമായി ഉപയോഗിക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് എന്നിവ സംബന്ധിച്ച പരിഹാര മാര്‍ഗങ്ങളും ഹാക്കത്തോണിന്റെ ലക്ഷ്യങ്ങളാണ്. കൂടാതെ വികസന പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും മൂലം വനമേഖല തുരുത്തുവത്കരിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, മനുഷ്യ – വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പൂര്‍ണമായ സഹകരണം ഉറപ്പുവരുത്തല്‍, ഓരോ പ്രദേശത്തിനും അനുയോജ്യമായ ലഘൂകരണ പ്രവര്‍ത്തികള്‍ കണ്ടെത്തുന്ന തിലെ പോരായ്മകള്‍ എന്നിവ സംബന്ധിച്ച പരിഹാര മാര്‍ഗ്ഗങ്ങളും ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നു.

പ്രൊട്ടോടൈപ്പുകള്‍, പ്രൊഡക്ട് ഡെവലപ്മെന്റ്, അല്ലെങ്കില്‍ നൂതന സ്റ്റാര്‍ട്ട്-അപ്പ് ആശയങ്ങള്‍ എന്നിവ ഹാക്കത്തോണിലൂടെ കണ്ടെത്തുവാന്‍ കഴിയും. മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജിഐഎസ് അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍, നൂതന സാങ്കേതിക വിദ്യകള്‍, പൊതുജനപങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും.

ഇതിലേയ്ക്കായുള്ള ആശയങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 20 ആണ്. സമര്‍പ്പിച്ച ആശയങ്ങള്‍ ഒരു വിദഗ്ദ്ധ സമിതി പരിശോധിക്കുകയും തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ 2025 ഫെബ്രുവരി 15 നു ശേഷം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ വനം വകുപ്പിന്റെയും കെ ഡിസ്‌കിന്റെയും വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

മിഷന്‍ ഫെന്‍സിങ് – 2024


സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വനം വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് മിഷന്‍ ഫെന്‍സിങ് 2024. സംസ്ഥാനത്തെ 1400 കിലോമീറ്ററുകളിലായി സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ വേലികളില്‍ തകരാറുള്ള ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് പൊതുജന പങ്കാളിത്ത ത്തോടുകൂടി സമയബന്ധിതമായി പദ്ധതിരേഖ തയ്യാറാക്കും. നവംബര്‍ 25, 2024 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാംപയിനാണിത്. നവംബര്‍ 25 മുതല്‍ നവംബര്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ സൗരോര്‍ജ വേലികളുടെ തത്സ്ഥിതി പരിശോധിച്ചു തരംതിരിക്കുകയും തകരാറിലായവയെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള കണക്കെടുപ്പു നടത്തി ഫണ്ട് സമാഹണം നടത്തുകയും ചെയ്യും.

ഡിസംബര്‍ ഒന്നു മുതല്‍ 15 വരെയുള്ള രണ്ടാം ഘട്ടത്തില്‍ തകരാറിലായതായി കണ്ടെത്തിയ സൗരോര്‍ജ വേലികളുടെ അറ്റകുറ്റപ്പണികള്‍ പൊതുജന ങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ നിറവേറ്റും. അവസാന ഘട്ടമായ ഡിസംബര്‍ 16 മുതല്‍ 24 വരെ പൊതുജന പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തനക്ഷമമാക്കിയ സൗരോര്‍ജവേലികള്‍ നാടിനു സമര്‍പ്പിക്കും.

പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം

ഇത് കൂടാതെ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം എന്ന പദ്ധതിയും വനം വകുപ്പ് നടപ്പാക്കും. പാമ്പുവിഷബാധയേറ്റുള്ള അപകട സാധ്യതാനിരക്ക് ആദ്യ രണ്ടു വര്‍ഷത്തില്‍ 50 ശതമാനം കുറവ് വരുത്തുകയാണ് ഒന്നാം ഘട്ടത്തിലെ ലക്ഷ്യം. ആദ്യഘട്ടമായി പരിശീലനങ്ങള്‍ ജനുവരി മുതല്‍ ആരംഭിക്കും.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യൂ, വെറ്ററിനറി – മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News