‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി…’ ഓര്‍മകളില്‍ വയലാര്‍

ഈ മനോഹര തീരത്ത് നിന്ന് വയലാര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 49 വര്‍ഷം. ചങ്ങമ്പുഴയ്ക്ക് ശേഷം കേരളമൊന്നാകെ ഏറ്റുപാടിയ ജനപ്രിയ കവിതയുടെ കൊടുമുടിയാണ് വയലാര്‍ രാമവര്‍മ്മ. വയലാറിന്റെ നാടക-സിനിമാഗാനങ്ങളില്ലെങ്കില്‍ മലയാളിക്കൊരു ഗാനചരിത്രം തന്നെയില്ല. പുന്നപ്ര വയലാറിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്കൊപ്പം ഉയര്‍ത്തെഴുന്നേല്‍ക്കുന്ന വയലാറിന്റെയും ഓര്‍മ്മകള്‍ വിപ്ലവത്തിന്റെ പുതിയ പ്രഭാതം സ്വപ്നം കാണുന്നവര്‍ക്കെല്ലാം ആവേശമാണ്.

വയലാര്‍… ഒരു സ്ഥലപ്പേരിനപ്പുറം സ്വകാര്യ അഭിമാനവും അഹങ്കാരവുമായി മാറിയ നാമം. മലയാളിയുടെ ഗാനാസ്വാദനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വയലാര്‍ രാമവര്‍മ്മയുടെ കവിതകളും ഗാനങ്ങളും. ഭാവനാത്മകമായ പ്രണയവും വിപ്ലവാത്മകമായ കവിതയും ആ തൂലിക തുമ്പില്‍ നിന്ന് അനര്‍ഗളം ഒഴുകിയിരുന്ന ഒരു കാലം. മലയാള സിനിമയുടെ അവിസ്മരണീയകാലഘട്ടമായിരുന്നു അത്.

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം…

ചലച്ചിത്ര ഗാനരചയിതാവ് എന്നതിനോടൊപ്പം അല്ലെങ്കില്‍ അതിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് വയലാര്‍ രാമവര്‍മ്മയെന്ന കവിയാണ്. ജാതി, വര്‍ഗീയ വ്യവസ്ഥകള്‍ക്കെതിരെ മൂര്‍ച്ചയേറിയ വാക്കുകളാല്‍ അദ്ദേഹം ആഞ്ഞടിച്ചു.

ബലികുടീരങ്ങളേ… ബലികുടീരങ്ങളേ….

വയലാറിന്റെ തൂലികതുമ്പില്‍ നിന്നും ഉതിര്‍ന്നുവീണ ഗാനങ്ങള്‍ അവിസ്മരണീയമായ ഭാവനാസാഹിത്യമാണ് ആസ്വാദകന് സമ്മാനിച്ചത്. ഒരിക്കല്‍ കേട്ടാല്‍ പിന്നെ ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര പ്രണയഗാനങ്ങള്‍. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയും, കായാമ്പുകണ്ണില്‍ വിടരുന്ന നായികയും പ്രണയവര്‍ണനകളുടെ ഉദാത്ത ഉദാഹരണങ്ങളായി ഇന്നും നമ്മുടെ മനസ്സില്‍ മായതെ നില്‍ക്കുന്നു.

ALSO READ:ഹാക്കറായി നസ്ലൻ? ‘ഐ ആം കാതലന്‍’ ട്രെയ്‌ലർ പുറത്ത്

സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍…തങ്കഭസ്മക്കുറിയിട്ട, കായാമ്പു കണ്ണില്‍ വിടരും…

പ്രണയവും കാമവും നിറയുന്ന വരികളിലൂടെ ആസ്വാദകന്റെ മനസ്സില്‍ പ്രണയത്തിരയിളക്കിയ അതേ തൂലികയാണ് വിപ്ലവത്തിന്റെ തീജ്വാലകള്‍ മനുഷ്യമനസ്സുകളിലേക്ക് പടര്‍ത്തുന്ന കവിതകളും സമ്മാനിച്ചത്. അടിമത്തത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ആയിരക്കണക്കിന് സഖാക്കളെ ഒന്നിച്ചുനിര്‍ത്താന്‍ ആ വരികളോളം ശക്തി മറ്റൊന്നിനുമുണ്ടായിരുന്നില്ല.

സഖാക്കളെ മുന്നോട്ട്…

ദാര്‍ശനികതയും പ്രണയവും കാമവും മോഹവും പ്രകൃതിയും പ്രളയവുമൊക്കെ വരികളില്‍ വിസ്മയമയമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ വയലാര്‍ രാമവര്‍മ്മയെന്ന് അതുല്യകലാകാരന്‍ ഇല്ലെനിക്കൊരിക്കലും മരണം എന്ന തന്റെ കവിതയില്‍ പരാമര്‍ശിച്ചപോലെ ഇന്നും അമരനാകുന്നു.

ഇല്ലെനിക്കൊരിക്കലും മരണം…

മനസ്സുകൊണ്ടും എഴുത്തുകൊണ്ടും തികഞ്ഞ കമ്യൂണിസ്റ്റുകാരായി ജീവിച്ച വയലാര്‍ രാമവര്‍മ്മ തന്റെ ഭാവനയ്ക്ക് ചലച്ചിത്രഗാനങ്ങളിലൂടെയും തന്റെ ചിന്താഗതികള്‍ക്ക് കവിതകളിലൂടെയും ജീവന്‍ പകര്‍ന്നു.

പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍…

സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി അലഞ്ഞു നടന്ന ആ കവിഹൃദയം 1975 ഒക്ടോബര്‍ 27-നു തന്റെ 47ആമത്തെ വയസ്സില്‍ നിലച്ചു. മരണം കവര്‍ന്നെടുത്തെങ്കിലും കാവ്യകലയിലൂടെ അമരത്വം നേടിയ, കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടുകയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കുകയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വന്‍ ഇന്നും മലയാളത്തിന്റെ നിസ്തുലസൗന്ദര്യമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News