പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുനര്‍ജനി പദ്ധതി തട്ടിപ്പാണെന്ന ആരോപണത്തിന് പ്രത്യക്ഷ തെളിവുമായി നാട്ടുകാര്‍. പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍വേലിക്കരയില്‍ ഭവനരഹിതര്‍ക്കായി ഫ്‌ലാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്ന വാഗ്ദാനം ജലരേഖയായെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി തറക്കല്ലിട്ട് നാലുവര്‍ഷം കഴിഞ്ഞെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
തറക്കല്ലിട്ടിടത്ത് പുല്ല് തഴച്ചു വളര്‍ന്നിരിക്കുന്നു.നാലുവര്‍ഷംകൊണ്ടുണ്ടായ പുരോഗതി ഇതാണ്. പദ്ധതി തട്ടിപ്പാണെന്നതിന് ഇതില്‍ക്കൂടുതല്‍ എന്ത് തെളിവ് വേണമെന്ന് നാട്ടുകാര്‍. പുത്തന്‍വേലിക്കര എളന്തിക്കരയില്‍ ശാരദാ വിദ്യാ മന്ദിര്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 15 സെന്റില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്ന അന്താരാഷ്ട്ര സംഘടനയുടെ സഹായത്തോടെ ഫ്‌ലാറ്റ് നിര്‍മ്മിക്കുമെന്നായിരുന്നു നാലു വര്‍ഷം മുന്‍പ് തറക്കല്ലിടുമ്പോള്‍ വി ഡി സതീശന്‍ പ്രഖ്യപിച്ചിരുന്നത്.
പദ്ധതിയുടെ ഗുണഭോക്താക്കളെ തദ്ദേശഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ കണ്ടെത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നും നടന്നില്ല.പിന്നെന്തിന് ഈ കല്ലിടല്‍ നാടകം നടത്തിയെന്നാണ് നാട്ടുകാരുടെ ചോദ്യം.ഒപ്പം ഗുരുതരമായ ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നു. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here