സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് സംഘപരിവാറിന് വേണ്ടിയാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ചേവായൂര്‍ ബാങ്ക് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അക്രമത്തിൻ്റെ പശ്ചാത്തലത്തിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ചേവായൂര്‍ ബാങ്ക് തോല്‍വിയുടെ വെപ്രാളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന തരത്തില്‍ അക്രമം അഴിച്ചുവിട്ടു. വിഡി സതീശന്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം വിഡി സതീശന്റേയും കോണ്‍ഗ്രസിന്റേയും ഔദാര്യം കൊണ്ട് ഉണ്ടായതല്ല. കേരളത്തിലെ ജനങ്ങള്‍ പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനമാണ് അത്. മാലപ്പടക്കം പൊട്ടിക്കും പോലെ പൊട്ടിക്കുമെന്ന് പറഞ്ഞാല്‍ സാധിക്കുന്ന ഒന്നല്ല. സതീശന്‍ സ്വയം പരിഹാസ്യനാകുന്നു.
Read Also: തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി
കോണ്‍ഗ്രസ് കോഴിക്കോട് നടത്തിയത് കൊലവിളിയാണ്. പൗരബോധമുള്ള ജനതയാണ് കോഴിക്കോട്ടേത്. എണ്ണമറ്റ ബഹുജന സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച മണ്ണാണ് ഇത്. ആര്‍ക്കെല്ലാം എതിരെയാണ് കോണ്‍ഗ്രസ് കൊലവിളി നടത്തിയത് എന്ന് നോക്കൂ. പൊലീസുകാര്‍ക്കെതിരെയാണ് കൊലവിളി നടത്തിയത്. ഞങ്ങള്‍ ഈ നില സ്വീകരിക്കില്ല.
സതീശനും സുധാകരനും പലതും പറയും. അത് കേട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിന്റേയൊ ജനങ്ങളുടേയോ നേര്‍ക്ക് വരരുത്. ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കും. സുധാകരന്‍ നടത്തിയ കൊലവിളി മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചു. ഇതെന്താണ് വെള്ളരിക്കാ പട്ടണമാണോയെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പിന് ക്വട്ടേഷന്‍ സംഘത്തെ ജില്ലക്ക് പുറത്ത് നിന്ന് കോണ്‍ഗ്രസ് കൊണ്ടുവന്നു. കൊലവിളി ഒന്നും കോഴിക്കോട് നടക്കില്ല. ന്യായമായി ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെയും തൊടാന്‍ അനുവദിക്കില്ല. ജനങ്ങളെ അണിനിരത്തി നേരിടും. സുധാകരനും സതീശനും കോഴിക്കോട്ടെ പൗരബോധത്തിന് നേരെ കൊഞ്ഞനംകുത്തരുത്. സംഘപരിവാറിന് വേണ്ടിയാണ് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് സതീശന്‍ പറഞ്ഞത്. മോദിയെയും അമിത്ഷാ ചെയ്യും കേരളത്തിലെ ജനങ്ങൾ ചെറുത്തു നിന്നെങ്കിൽ ഈ പരിഹാസകഥാപാത്രയെയും ചെറുത്ത് നിൽക്കുo. സുധാകരൻ കേരള രാഷ്ട്രീയത്തിലെ മാലിന്യമാണ്. സംഘപരിവാറിന്റെ ഏജന്റായാണ് സതീശന്‍ കോഴിക്കോട് എത്തിയതെന്നും പി മോഹനൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here