വി ഡി സതീശന്റെ ധനകാര്യം സംബന്ധിച്ച ധാരണ യാഥാസ്ഥിതികം; തോമസ് ഐസക്

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ധനകാര്യം സംബന്ധിച്ച ധാരണ യാഥാസ്ഥിതികമാണെന്ന് തോമസ് ഐസക്. സംസ്ഥാനത്തിന്റെ വികസനതാല്പര്യങ്ങൾക്കു വിരുദ്ധമാണ് വി ഡി സതീശന്റെ നിലപാട് എന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കിഫ്ബി വായ്പ ധനഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽ വരുമെന്നു നിയമ ഭേദഗതി വേളയിൽ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന വി ഡി സതീശന്റെ പ്രസ്താവന വായിച്ചപ്പോൾ എന്റെ ഓർമ്മയിൽവന്നത് ധനമന്ത്രി ശങ്കരനാരായണൻ അവതരിപ്പിച്ച ധനഉത്തരവാദിത്വ നിയമമാണ് എന്നും തോമസ് ഐസക് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ധനക്കമ്മി 2% ആയിട്ടാണ് അതിൽ വ്യവസ്ഥ ചെയ്തിരുന്നത്. ഈ നിയമം നടപ്പാക്കാനുള്ള ബദ്ധപ്പാടിലാണ് ആന്റണി സർക്കാർ ജനരോക്ഷം മുഴുവൻ ഏറ്റുവാങ്ങിയത്. യുഡിഎഫിന്റെ 2% ധനക്കമ്മി നിർദ്ദേശം കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നുവെങ്കിൽ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് എന്തു സംഭവിക്കുമായിരുന്നൂവെന്ന് ആലോചിച്ചു നോക്കൂ എന്നാണ് തോമസ് ഐസക് ഇതിനെകുറിച്ച് വ്യക്തമാക്കിയത്.

ALSO READ:കെ സുധാകരന് വീണ്ടും പാളി, അന്തരിച്ച കെ ജി ജോര്‍ജ് നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നുവെന്ന് അനുശോചനം 

തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശന്റെ ധനകാര്യം സംബന്ധിച്ച ധാരണ ഏറ്റവും യാഥാസ്ഥിതികമാണ്. സംസ്ഥാനത്തിന്റെ വികസനതാല്പര്യങ്ങൾക്കു വിരുദ്ധമാണ്. കിഫ്ബി വായ്പ ധനഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽവരുമെന്നു നിയമ ഭേദഗതി വേളയിൽതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇതു വായിച്ചപ്പോൾ എന്റെ ഓർമ്മയിൽവന്നത് ധനമന്ത്രി ശങ്കരനാരായണൻ അവതരിപ്പിച്ച ധനഉത്തരവാദിത്വ നിയമമാണ്. ധനക്കമ്മി 2% ആയിട്ടാണ് അതിൽ വ്യവസ്ഥ ചെയ്തിരുന്നത്. ഈ നിയമം നടപ്പാക്കാനുള്ള ബദ്ധപ്പാടിലാണ് ആന്റണി സർക്കാർ ജനരോക്ഷം മുഴുവൻ ഏറ്റുവാങ്ങിയത്. യുഡിഎഫിന്റെ 2% ധനക്കമ്മി നിർദ്ദേശം കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നുവെങ്കിൽ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് എന്തു സംഭവിക്കുമായിരുന്നൂവെന്ന് ആലോചിച്ചു നോക്കൂ!
ശ്രീ. വി.ഡി. സതീശൻ മനസിലാക്കേണ്ടുന്നകാര്യം ഈ തോതുകൾക്കൊന്നും ഒരു സൈദ്ധാന്തിക സാധുതയുമില്ല. കീഴ്വഴക്കങ്ങൾ മാത്രമാണ്. യൂറോപ്യൻ യൂണിയൻ ധനക്കമ്മി 3% ആയിരിക്കണമെന്നു തീരുമാനിച്ചതുകൊണ്ട് അതു നമ്മളും സ്വീകരിച്ചു. അത്ര തന്നെ.
വേണമെങ്കിൽ മറ്റൊരു ഉദാഹരണം പറയാം. ധനക്കമ്മി കണക്ക് കൂട്ടുന്നതിനു വിദ്യാഭ്യാസ-ആരോഗ്യ ചെലവുകൾ റവന്യു ചെലവായിട്ടു കണക്കാക്കുക. എന്നാൽ മാനവവിഭവശേഷിയിലുള്ള നിക്ഷേപമായി ഈ ചെലവുകളെ കണക്കാക്കിയാൽ അവ മൂലധന ചെലവാണെന്നുവരും. ഇതാണു കേരളത്തിന്റെ വാദം. എന്നാൽ ലോകത്തെ കണക്കെഴുത്തു സമ്പ്രദായം ആദ്യം പറഞ്ഞ നിർവ്വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.
അതുപോലെ സർക്കാരിന്റെ വായ്പ കണക്കാക്കുന്നതിൽ ഇന്ത്യയിൽ സംസ്ഥാനത്തോ കേന്ദ്രത്തിലോ ഒരിക്കലും ഓഫ് ബജറ്റ് അല്ലെങ്കിൽ എക്സ്ട്രാ ബജറ്റ് വായ്പകൾ കണക്കിലെടുത്ത പാരമ്പര്യമില്ല. അതുകൊണ്ടാണു കേന്ദ്ര സർക്കാരിന്റെ ബജറ്റുകളിൽ ഇപ്പോഴും ഇവ വായ്പയായി കണക്കാക്കുന്നുണ്ടോയെന്ന എന്റെ ചോദ്യത്തിന്റെ പ്രസക്തി. കിഫ്ബി വഴി ധനമന്ത്രിമാരായ ശിവദാസമേനോന്റെ കാലത്തോ പിന്നെ ശങ്കരനാരായണന്റെ കാലത്തോ എടുത്ത വായ്പകൾ ഇപ്രകാരം വായ്പയായി കണക്കാക്കിയിരുന്നോ എന്നും ഞാൻ ചോദിക്കുകയുണ്ടായി. ഇല്ല എന്ന ഉത്തരം സത്യസന്ധമായി സമ്മതിക്കാൻ അങ്ങ് എന്തിനു മടിക്കണം?
കിഫ്ബിയുടേതുപോലുള്ള വായ്പകൾ സംസ്ഥാന വായ്പകളായി കണക്കാക്കുമെന്നുള്ളതു കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയൊരു നിബന്ധനയാണ്. ഇതിനു പൂർവ്വകാല പ്രാബല്യം നൽകിയതിൽ സ്വാഭാവിക നീതിയുടെ നിഷേധമില്ലേയെന്ന ചോദ്യത്തിൽ നിന്നും അങ്ങ് ഒഴിഞ്ഞുമാറിയിരിക്കുകയാണ്.
എന്തുകൊണ്ട് കിഫ്ബി കേവല ആന്വിറ്റി മാതൃകയേക്കാൾ മെച്ചപ്പെട്ട ഒരു ആന്വിറ്റി മാതൃകയാണെന്നു കഴിഞ്ഞ പോസ്റ്റിൽ വിശദീകരിച്ചൂവല്ലോ. പ്രതിപക്ഷനേതാവ് മറുപടി പറയേണ്ടുന്ന അടുത്ത ചോദ്യം ഇതാണ്: ആന്വിറ്റി മാതൃകയിൽ എടുക്കുന്ന പ്രൊജക്ടുകൾക്കായി കരാറുകാർ എടുക്കുന്ന വായ്പ സർക്കാരിന്റെ വായ്പയായിട്ട് താങ്കൾ കണക്കാക്കുന്നുണ്ടോ? ഇപ്പോൾ എന്താണു പറയുകയെന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നാൽ ഇന്നുവരെ യുഡിഎഫും എൽഡിഎഫും അങ്ങനെ കണക്കാക്കിയിട്ടില്ല. അങ്ങനെയെങ്കിൽ കിഫ്ബി പ്രൊജക്ടുകൾ നടപ്പിലാക്കാൻ എടുക്കുന്ന വായ്പ എന്തുകൊണ്ട് സർക്കാർ വായ്പയായി പരിഗണിക്കണം എന്നതു വിശദീകരിക്കാമോ?
ആന്വിറ്റി മാതൃകയിൽ കരാറുകാരൻ എടുക്കുന്ന വായ്പ ഭാവിയിൽ സർക്കാരിന്റെ ബാധ്യതയാണല്ലോ. കിഫ്ബിയുടെ 25% പ്രൊജക്ടുകൾ വരുമാനദായകമാണെന്നകാര്യവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
കിഫ്ബി സംസ്ഥാനത്തു സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വികസന കുതിപ്പാണ് പ്രതിപക്ഷനേതാവിനെ അലോസരപ്പെടുത്തുന്നത്. 20,000-ത്തിൽപ്പരം കോടി രൂപയുടെ നിർമ്മാണം പൂർത്തീകരിച്ചു. മറ്റൊരു 50,000 കോടി രൂപയുടെ നിർമ്മാണങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. ദയവുചെയ്ത് എന്താണ് ഇത്ര ധൃതി എന്നുമാത്രം ചോദിക്കരുത്.
കേരളത്തിന്റെ വികസനം ഒരു പുതിയ ഘട്ടത്തിലേക്കു ചുവടുമാറുകയാണ്. ഇതുവരെ നമ്മൾ എല്ലാവരും വിദ്യാഭ്യാസ-ആരോഗ്യാദി മേഖലകളിലാണ് ഊന്നിയത്. തന്മൂലം വേണ്ടത്ര പണം പശ്ചാത്തലമേഖലയിൽ മുടക്കിയില്ല. ഇക്കാര്യത്തിൽ നമ്മൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലായിപ്പോയി. ശ്രീ. വി.ഡി. സതീശൻ പറയുന്ന രീതിയിലാണു കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ 15-20 വർഷമെടുക്കും ഈ പിന്നോക്കാവസ്ഥ പരിഹരിക്കാൻ. അങ്ങനെ ആയാൽ രാജ്യത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിക്ഷേപകുതിപ്പിൽ നമുക്കു പങ്കുചേരാനാവില്ല. പശ്ചാത്തലസൗകര്യ മുരടിപ്പിനെ ഇന്നു മറികടക്കേണ്ടിയിരിക്കുന്നു. ഇതിനു കിഫ്ബി പോലുള്ള ഒരു മാതൃക അനിവാര്യമാണ്.
ഇത് അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശൻ തയ്യാറല്ല. ബിസിനസ് പതിവുപോലെ എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ടത് ഇന്നിപ്പോൾ സംസ്ഥാനത്തു നടക്കുന്ന വൻകിട റോഡ് നിർമ്മാണം, പുതിയ ട്രാൻസ്മിഷൻ ലൈൻ, വ്യവസായ പാർക്കുകൾ, പാലങ്ങളും ഓവർ ബ്രിഡ്ജുകളും, സ്കൂൾ-ആശുപത്രികളുടെ നവീകരണം അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതുണ്ടോ എന്നാണ്. ഇതിനെ തുരങ്കംവയ്ക്കുകയാണു യുഡിഎഫിന്റെ രാഷ്ട്രീയം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News