വി.ഡി. സതീശൻ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി സംഘപരിവാറിനെ സഹായിക്കുന്നു; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള കേരളത്തിലെ പ്രതിപക്ഷ നേതാവിൻ്റെയും ചില കോൺഗ്രസ് നേതാക്കളുടെയും നീക്കത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്താനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം നീക്കം സഹായിക്കുന്നത് കറുത്ത ശക്തികളെയല്ല സംഘപരിവാറിനെയാണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും കൂട്ടാളികളുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇടതുപക്ഷമൊട്ടാകെയും മറ്റ് പ്രതിപക്ഷ പാർട്ടികളും സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം എൽഡിഎഫ് സർക്കാരിനെതിരെയാക്കി മാറ്റാനാണ് വി.ഡി.സതീശൻ്റെയും അദ്ദേഹത്തിനോട് അടുപ്പമുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമം എന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ‘ഗുണഭോക്താക്കൾ കറുത്തശക്തികളല്ല, സംഘപരിവാറാണ് ‘ എന്ന തലക്കെട്ടോടുകൂടി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

ഗുണഭോക്താക്കൾ കറുത്തശക്തികളല്ല,
സംഘപരിവാറാണ്.

രാഹുൽ ഗാന്ധി വിഷയത്തിലെ ജനാധിപത്യ വിരുദ്ധ നടപടിയിൽ സംഘപരിവാറിനെതിരെ രാജ്യത്താകെയുള്ള പ്രതിപക്ഷ പാർടികളുടെ പ്രതിഷേധമുയരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.
സഖാക്കൾ സീതാറാംയെച്ചൂരി, പിണറായി വിജയൻ ഉൾപ്പെടെ ഇടതുപക്ഷമാകെ സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്നു.

എന്നിട്ടും,പ്രതിപക്ഷ നേതാവും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട ചില കോൺഗ്രസ് നേതാക്കളും
കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ ഉരുത്തിരിയേണ്ട പ്രതിഷേധത്തെ കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ വഴിതിരിച്ചുവിടാനുള്ള കഠിന ശ്രമത്തിലാണ്.

ഒന്നിച്ചുനിന്ന് ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നതിനുപകരം ഈ വിഷയത്തിലെ യോജിപ്പിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കം സഹായിക്കുന്നത് കറുത്ത ശക്തികളെയല്ല സംഘപരിവാറിനെയാണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും കൂട്ടാളികളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News