ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി പി.കെ. ഫിറോസിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണ്.
ചില തസ്തികളില്‍ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി നേരിട്ടും നിയമനം നടത്താറുണ്ട്. സ്ഥിരം തസ്തികകളില്‍ ഒഴിവ് വരുമ്പോള്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ അത്തരം തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ആളുകളെ നിയമിക്കാറുമുണ്ട്. സര്‍ക്കാരിന്റെ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം ഇതിനായുണ്ട്.
നാഷണല്‍ ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് നടത്തുന്നത്. പത്ര പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റര്‍വ്യുവും നടത്തിയാണ് നിയമനം നടത്തുന്നത്. 20ല്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മാനദണ്ഡമനുസരിച്ച് പരീക്ഷ നിര്‍ബന്ധമാണ്.
ഫിറോസ് ആരോപണം ഉന്നയിച്ച എടക്കര ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ വഴി നിയമിച്ച 10 പേരെയും അപേക്ഷ ക്ഷണിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമിച്ചത്.
2018 മുതല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിയമിക്കപ്പെട്ടവരാണ് ഇവരെല്ലാം. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യംവച്ചാണ്. ആരോഗ്യ വകുപ്പിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം കുപ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here