റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’; കോപ് പിച്ച് 2024-ന്‍റെ വേദി കീ‍ഴടക്കി തമി‍ഴ് നാട്ടിൽ നിന്നുള്ള പെൺകൂട്ടായ്മ

ഓട്ടോറിക്ഷ ഓടിക്കുന്ന കാക്കി കുപ്പായമിട്ട സ്ത്രീകൾക്ക് രാജ്യാന്തര സഹകരണസമ്മേളനത്തിൽ എന്തു കാര്യം? പ്രതിനിധികൾക്കിടയിൽ അവരെ കണ്ടപ്പോൾ പലരും കൗതുകകത്തോടെ ചോദിച്ച ചോദ്യമാണിത്. അതിനെല്ലാം അന്ത്യം കുറിച്ച് അവർ യൂറോപ്പിലും ഏഷ്യ-പസഫിക് രാജ്യങ്ങളിലും നിന്നുള്ള പ്രതിനിധികൾക്കുമുന്നിൽ ഗംഭീര അവതരണം നടത്തി! ചെന്നൈയിൽനിന്നുള്ള വീര പെൺകൾ മുന്നേറ്റ സംഘം (വിപിഎംഎസ്) എന്ന വനിതാ സഹകരണസംഘം പ്രവർത്തകരാണ് രാജ്യാന്തര സഹകരണസമ്മേളനത്തിൽ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ചത്. സഹകരണം ശാക്തീകരണത്തിന് ഉള്ളതാണെന്നും ദുർബ്ബലരും അസംഘടിതരുമായ വിഭാഗങ്ങൾക്കുള്ള അത്താണിയാണു സഹകരണമെന്നും സ്വന്തം വിജയകഥയിലൂടെ അവർ പ്രഖ്യാപിച്ചു. ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണസമ്മേളനത്തിൽ സഹകരണരംഗത്തെ നൂതനാശയങ്ങൾ മാറ്റുരച്ച കോപ് പിച്ച് 2024-ന്റെ വേദിയിലായിരുന്നു പെൺകൂട്ടായ്മയുടെ അവതരണം.

ALSO READ; മഹാരാജാസ് വീണ്ടും ചെങ്കടലാക്കി എസ്എഫ്‌ഐ; മുഴുവന്‍ സീറ്റുകളിലും വിജയിച്ചു

“ഞങ്ങളിൽ പലർക്കും സ്വന്തം ഓട്ടോറിക്ഷ ഇല്ല. അവർക്ക് റിക്ഷ വാങ്ങണം. ആർക്കും പിഎഫും ഇൻഷ്വറൻസും ആരോഗ്യ ഇൻഷ്വറൻസും ഇല്ല. ആരുടെയും പിന്തുണയില്ല. പൊതുവിടത്തിൽ തൊഴിലിനിറങ്ങിയപ്പോൾ പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ല. അതിനെല്ലാം പരിഹാരം ഉണ്ടാക്കുകയാണു ഞങ്ങൾ.” ഇതിനകം 400 വനിതാ ഓട്ടോ ഡ്രൈവർമാർ അംഗങ്ങളായ സഹകരണസംഘത്തിലൂടെ നേടാനൊരുങ്ങുന്ന ലക്ഷ്യങ്ങൾ സംഘം പ്രസിഡന്റ് മോഹനസുന്ദരി വിവരിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ള സദസും വിദഗ്ദ്ധരായ ജൂറിമാരും ചോദിച്ച കുഴക്കുന്ന ചോദ്യങ്ങൾക്കെല്ലാം മണിമണിപോലെ അവർ മറുപടി പറഞ്ഞു. ഓട്ടോ ഇല്ലാത്തവർക്ക് നടത്തിപ്പുചെലവു കുറഞ്ഞ ഇലക്ട്രിക് ഓട്ടോകൾ ലഭ്യമാക്കാൻ കോർപ്പറേറ്റുകളുടെ സാമൂഹികസേവനനിധിയാണ് ഇവർ ലക്ഷ്യമിടുന്നത്. “അസുഖം വന്ന് ജോലിക്കു പോകാൻ പറ്റാതെവന്നാൽ ആ ദിവസങ്ങളിൽ ഞങ്ങൾക്കു വരുമാനം ഇല്ല. എന്നാൽ, ഞങ്ങൾ സംഘത്തിന്റെ ഭാഗം ആയതോടെ ഇന്ന് അവധിയും വേതനവും ഉണ്ട്. അപകടമുണ്ടായാൽ ചികിത്സാസഹായം നല്കും. മരണം സംഭവിച്ചാൽ മരണാന്തരച്ചെലവുകൾ സംഘം വഹിക്കും.” മനോഹരമായ തമിഴിൽ മോഹന സുന്ദരി നടത്തിയ ചടുലമായ അവതരണം തമിഴ്‌നാട്ടിൽനിന്നെത്തിയ ദ്വിഭാഷി ഇംഗ്ലിഷിലാക്കി.

ALSO READ; കോൺഗ്രസിലെ പല നേതാക്കളും ബിജെപി ചാരന്മാരെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

വീര പെൺകൾ മുന്നേറ്റ സംഘത്തിന്‍റെ ഓട്ടോകളിൽ സ്ത്രീകൾക്കു സുരക്ഷിതയാത്ര ഉറപ്പുനല്കുന്നു. സ്കൂൾക്കുട്ടികളെ സ്കൂളിലും തിരികെ വീട്ടിലും സുരക്ഷിതരായി എത്തിക്കുന്നു. നഗരത്തിലെ പാഴ്സൽ, സാധന വിതരണത്തിലും ഈ സഹകരണസംഘത്തിലെ സ്ത്രീകളുടെ ഓട്ടോറിക്ഷകൾ സജീവം. “ഞങ്ങൾ ചെന്നൈ മെട്രോ കോർപ്പറേഷനുമായും ചെന്നൈ നഗരസഭയുമായും ബന്ധപ്പെട്ടിട്ടുണ്ട്. മെട്രോ സ്റ്റേഷനുകൾക്കും നഗരസഭയുടെ ആസ്ഥാനത്തിനും അടുത്ത് വനിതാ ഓട്ടോ സ്റ്റാൻഡുകൾ അനുവദിക്കാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്.” സർക്കാരിലും നഗരസഭയിലുംനിന്ന് ധനസഹായം ഉൾപ്പെടെയുള്ള പിന്തുണകൾക്കും ശ്രമിക്കുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് മോഹന സുന്ദരി പറഞ്ഞു. ട്രഷറർ ലീലാറാണി, വൈസ് പ്രസിഡന്റ് സംഗീത, ടീമംഗം ദിവ്യ എന്നിവരും അവതരണത്തിൽ ഒപ്പം കൂടി. ഇവരെ പിന്തുണയ്ക്കുന്ന ‘എംപവറിങ് കമ്മ്യൂണിറ്റീസ് ത്രൂ എജ്യൂക്കേഷൻ’ (ECTE) എന്ന സന്നദ്ധസംഘടനയുടെ പ്രതിനിധി എസ്. വെങ്കിടേശൻ ആയിരുന്നു ദ്വിഭാഷി. നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി വീര പെൺകൾ അരങ്ങിൽനിന്ന് ഇറങ്ങി. ഇന്നാണ് ഫൈനൽ മത്സരവും വിജയികളെ പ്രഖ്യാപിക്കലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News