കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ ബിജെപിക്ക് തിരിച്ചടിയായി വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാനുള്ള വീരശൈവ ലിംഗായത്തുകളുടെ തീരുമാനമാണ് ബിജെപിക്ക് തിരിച്ചടിയായത്.
പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്നവരായിരുന്നു വീരശൈവ ലിംഗായത് വിഭാഗം. എന്നാൽ അടുത്തിടെ ബിജെപിയിൽ നിന്നുണ്ടായ ചില പ്രധാനപ്പെട്ട കൊഴിഞ്ഞുപോക്കുകൾ വിഭാഗത്തിന് പാർട്ടിയോടുള്ള അടുപ്പം കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ. മത്സരിക്കാൻ സീറ്റുകൾ ലഭിക്കാത്തതിനെത്തുടർന്ന് ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷട്ടർ, ലക്ഷ്മൺ സാവഡി എന്നിവർ പാർട്ടി വിട്ടിരുന്നു. ഇതോടെ വീരശൈവ ലിംഗായത്ത് വിഭാഗത്തിനുള്ളിലും നിലപാട് മാറ്റമുണ്ടായി. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് വീരശൈവ ലിംഗായത് ഫോറം പരസ്യമായി ആവശ്യപ്പെട്ടു.
വീരശൈവ ലിംഗായത് വിഭാഗം കോൺഗ്രസിനോട് അടുക്കുന്നുവെന്ന സൂചനകൾ മുൻപേ ലഭിച്ചുതുടങ്ങിരിയിരുന്നു. വിഭാഗത്തിലെ പ്രധാനപ്പെട്ട നേതാക്കൾ കഴിഞ്ഞ ദിവസം തങ്ങളുടെ ആത്മീയാചാര്യനെ ചെന്നുകാണുകയും അഭിപ്രായങ്ങൾ ആരായുകയും ചെയ്തിരുന്നു. ഇവരോടൊപ്പം സംസ്ഥാനത്തെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. ബിജെപിയുമായി അകൽച്ചയിൽ നിൽക്കെ ജഗദീഷ് ഷെട്ടാറിനെ എന്ത് വില കൊടുത്തും തോൽപ്പിക്കുമെന്ന യെദിയൂരപ്പയുടെ പരാമർശവും വിഭാഗത്തിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here