പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിച്ചാലേ വിലക്കയറ്റം തടയാനാകൂവെന്ന് കൃഷി മന്ത്രി പി പ്രസാദ്. തൃശൂർ ജില്ലയിലെ താന്ന്യം പഞ്ചായത്തിൽ പുതിയ കൃഷി ഭവന്‍റെയും കാർഷിക ക്ലിനിക്കിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ന്യായമായ വില നൽകി സംഭരിച്ച് നമ്മുടെ നാട്ടിൽത്തന്നെ വിൽക്കുകയാണ് വിലക്കയറ്റത്തിന് ശാശ്വത പരിഹാരമെന്നും കൃഷി മന്ത്രി പറഞ്ഞു.
സേവനങ്ങൾ കൃഷിയിടത്തിൽ ലഭ്യമാകുമ്പോൾ മാത്രമെ സ്മാർട്ട് കൃഷിഭവൻ എന്ന ആശയത്തിലേക്ക് എത്തുകയുള്ളു. കൃഷി ഓഫീസർമാർ കൃഷിയിടങ്ങളിൽ ചെന്ന് കാര്യനിർവഹണം നടത്തണമെന്നും മന്ത്രി നിർദേശം നൽകി.
താന്ന്യം ഗ്രാമ പഞ്ചായത്തിനു സംഭാവനയായി ലഭിച്ച 5 സെന്റ് സ്ഥലത്താണ് ആർ കെ വി വൈ ഫണ്ട്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഫണ്ട്, പഞ്ചായത്ത് തനത് ഫണ്ട് എന്നിവ ഉപയോഗിച്ച് കാർഷിക മേഖലയ്ക്കായി പുതിയ മൂന്ന് നില കെട്ടിടം പൂർത്തിയാക്കിയത്. കൃഷിഭവനുള്ള സ്ഥലം പഞ്ചായത്തിന് സംഭാവന ചെയ്ത അഡ്വ. എ യു രഘുരാമൻ പണിക്കരെ മന്ത്രി ആദരിച്ചു.
നാട്ടിക MLA സി സി മുകുന്ദൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉഷ മേരി ഡാനിയേൽ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here