കൊല്ലം: സിപിഐഎം വെളിയം ലോക്കൽ കമ്മിറ്റി അംഗവും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജി തോമസിന് കണ്ണീരോടെ വിട നൽകി നാട്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് വെല്ലൂർ സിഎംസി ആശുപത്രിയിൽവെച്ച് മരണമടഞ്ഞ തോമസിന്‍റെ മൃതദേഹം വിലാപയാത്രയായാണ് സ്വദേശമായ വെളിയത്തേക്ക് കൊണ്ടുവന്നത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വെളിയം ഗ്രാമപഞ്ചായത്ത് ഓഫീസ്, വെളിയം ജങ്ഷൻ, കൊട്ടറ സ്നേഹാലയം എന്നിവിടങ്ങളിലും തോമസിന്‍റെ വസതിയിലും മൃതദേഹം പൊതുദർശനത്തിനുവെച്ചു. നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. നാട്ടുകാരുടെ ഏത് ആവശ്യത്തിന് ഒപ്പം നിൽക്കുന്ന തോമസ് മെമ്പർക്ക് കണ്ണീരോടെയാണ് നാട് ആദരാഞ്ജലി അർപ്പിച്ചത്. പ്രായമുള്ള സ്ത്രീകൾ ഉൾപ്പടെ തോമസിന്‍റെ ഭൌതികശരീരത്തിന് മുന്നിൽ വാവിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു.
നാട്ടിലെ സാമൂഹിക രാഷ്ട്രീയ സാന്ത്വന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന തോമസ് കഴിഞ്ഞ കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1992ൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നെങ്കിലും, അതുസംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളൊന്നും പിന്നീട് നേരിട്ടിരുന്നില്ല. ശ്വാസകോശസംബന്ധമായ അണുബാധയ്ക്ക് ചികിത്സതേടിയാണ് അദ്ദേഹത്തെ വെല്ലൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ 13ന് വൈകിട്ട് മൂന്നരയോടെയാണ് മരണം സംഭവിച്ചത്.തികച്ചും അപ്രതീക്ഷിതമായാണ് തോമസിന്‍റെ മരണവാർത്ത എത്തിയത്. നാട്ടുകാർക്ക് ഉൾക്കൊള്ളാനാകാവുന്നതിലും അപ്പുറമായിരുന്നു അത്.
Also Read: വയനാട് ദുരന്തത്തിലും മാധ്യമങ്ങളുടെ മുതലെടുപ്പ്; ദുരന്തത്തില്‍ ഭീമന്‍ ചിലവെന്ന് വ്യാജ വാർത്ത
കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ആവശ്യങ്ങൾക്ക് ഒപ്പം നിൽക്കുന്നയാളായിരുന്നു തോമസ്. നിലവിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. വെളിയം ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നാടിന്‍റെ വികസനപ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലാണ് തോമസ് നടത്തിയിരുന്നത്.
കൊട്ടറ സ്നേഹാലയം എന്ന അനാഥാലയത്തിന്‍റെ സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു. ഇരുപതോളം ആൺകുട്ടികളാണ് സ്നേഹാലയത്തിൽ അന്തേവാസികളായി ഉണ്ടായിരുന്നത്. മുമ്പ് പ്രവർത്തിക്കാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്ന ഘട്ടത്തിലാണ് തോമസ് സെക്രട്ടറിയായി വരുന്നത്. ഇതിന് ശേഷം നല്ല നിലയിലാണ് സ്നേഹാലയം മുന്നോട്ടുപോയത്. വെളിയം പഞ്ചായത്തിലാകെ വൻ സുഹൃദ് വലയം സ്വന്തമായുള്ള തോമസിനൊപ്പം കൈത്താങ്ങായി നിരവധിപ്പേർ രംഗത്തെത്തി. ജന്‍മദിനാഘോഷങ്ങളും, ചരമവാർഷികങ്ങളും സ്നേഹാലയത്തിനൊപ്പം ആഘോഷിക്കാനും ആചരിക്കാനും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.
വെളിയം കൊട്ടറ പ്രദേശത്ത് സിപിഐഎമ്മിനെ ശക്തമായ രാഷ്ട്രീയകക്ഷിയാക്കി വളർത്തുന്നതിൽ തോമസ് വഹിച്ച പങ്ക് നിസ്തുലമാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വലിയതോതിലുള്ള ബഹുജനപിന്തുണയാണ് തോമസിന് ഉണ്ടായിരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഒരു പ്രചരണവും നടത്തിയില്ലെങ്കിൽപ്പോലും അനായാസം ജയിക്കാൻശേഷിയുള്ള തരത്തിലായിരുന്നു തോമസിന്‍റെ ജനപിന്തുണ. അപ്രതീക്ഷിതമായ ഈ വിയോഗം നാടിനാകെയും സിപിഐഎമ്മിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് അനുശോചനയോഗത്തിൽ നേതാക്കൾ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here